ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമർദനം. തമിഴ്നാട്ടിലെ പ്രശസ്ത ആഴ്ചപ്പതിപ്പിന്റെ ഫോട്ടോ​ഗ്രാഫറായ ആർഎം മുത്തുരാജയാണ് മർ​ദ്ദനത്തിനിരയായത്. വിരുതുനഗറിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച റാലിയിലെ ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ പകർത്തിയതിനാണ് മുത്തുരാജയെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. 
 
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസ് പാർട്ടിയുടെ പ്രകടന പത്രിക വിശദീകരിക്കുന്ന യോഗം റിപ്പോർട്ട് ചെയ്യാനെത്തിയതാണ് മുത്തുരാജ. റാലിക്കിടെ മൈതാനത്ത് നിരന്ന് കിടക്കുന്ന ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് പാർട്ടി പ്രവർത്തകർ ഇയാളെ മർദ്ദിച്ചത്. മുത്തുരാജയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കോൺ​ഗ്രസ് പ്രവർത്തകർ മുത്തുരാജയെ മർദ്ദിക്കുകയും ഇയാളുടെ ക്യാമറ തട്ടിപ്പറിച്ച് തകർക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. മുത്തുരാജയെ ആക്രമിക്കുന്നതിനെതിരെ പ്രതികരിക്കുന്ന മറ്റ് മാധ്യമപ്രവർത്തകരേയും പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നുണ്ട്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മുത്തുരാജയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനും വിരുതുനഗർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ എസ് അളഗിരിവാൾ പങ്കെടുത്ത യോ​ഗത്തിലാണ് മാധ്യമപ്രവർത്തകനെതിരെ കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണം. അളഗിരിവാളെ കൂടാതെ ബി മാണിക്കം ടാഗോർ, ഡിഎംകെ എംഎൽഎ തങ്കം തേനരശ് തുടങ്ങിവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. 

എന്നാൽ മാധ്യമപ്രവർത്തകനെ പാർട്ടി പ്രവർത്തകർ കൈകാര്യം ചെയ്യുന്നത് കണ്ടിട്ടും നേതാക്കൾ പ്രതികരിച്ചില്ലെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ട്. മാധ്യമപ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിൽ ചെന്നൈ പ്രസ്ക്ലബ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം,സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വം രം​ഗത്തെത്തി.