തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവു വലിയ വിജയങ്ങളിലൊന്നാണ് യു ഡി എഫിന് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 20 സീറ്റില്‍ 19 ഇടത്തും ഐക്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം പിടിച്ചെടുത്തിരിക്കുകയാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് കേരളത്തില്‍ ഇതിനെക്കാള്‍ വലിയ വൈറ്റ് വാഷ് നടന്നിട്ടുള്ളത്.

അന്ന് ഇരുപതിടത്തും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണി ജയിച്ചിരുന്നു. പക്ഷെ സി പി ഐ അടക്കമുള്ള പാര്‍ട്ടികള്‍ അന്ന് കോണ്‍ഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ യു ഡി എഫ്-എല്‍ ഡി എഫ് ഏറ്റുമുട്ടല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇക്കുറിയാണെന്ന് പറയാം.

19 ലോക് സഭാ മണ്ഡലങ്ങളില്‍ പരാജയപ്പെട്ട ഇടതു മുന്നണിയെ സംബന്ധിച്ചടുത്തോളം നിയമ സഭാ മണ്ഡലങ്ങളുടെ കാര്യം പരിശോധിക്കുമ്പോഴാകും യഥാര്‍ത്ഥ ഞെട്ടലുണ്ടാകുക. 91 സീറ്റ് നേടി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് ലോക് സഭ തെരഞ്ഞെടുപ്പില്‍ നഷ്ടമായത് 121 സീറ്റുകളാണ്.

12 ലോക് സഭാ മണ്ഡലങ്ങളിലെ നിയമസഭാ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ പരാജയമാണ് പിണറായി സര്‍ക്കാര്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. നിലവിലെ നിയമസഭയില്‍ എല്ലാ മണ്ഡലങ്ങളും ജയിച്ചിട്ടുള്ള കൊല്ലം ജില്ലയിലെ മുഴുവന്‍ മണ്ഡ‍ലങ്ങളിലും വലിയ പരാജയമാണ് സിപിഎമ്മും ഇടതുമുന്നണിയും ഏറ്റുവാങ്ങിയത്. സിപിഎമ്മിന്‍റെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നായ ആലത്തൂരിലും മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടു. ഇതിന് പുറമെ തിരുവനന്തപുരം, മാവേലിക്കര, എറണാകുളം, കോഴിക്കോട്, ചാലക്കുടി, പൊന്നാനി, മലപ്പുറം, വയനാട്, ഇടുക്കി, തൃശൂര്‍ മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ത്ഥികള്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിലംതൊട്ടിട്ടില്ല.

ഈ മണ്ഡലങ്ങളില്‍ തിരുവനന്തപുരത്തൊഴികെയുള്ള എല്ലായിടത്തും യു ഡി എഫ് സമ്പൂര്‍ണ ആധിപത്യമാണ് നേടിയത്. തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കുമ്മനമാണ് ഒന്നാമതെത്തിയത്. ഇതു മാത്രമാണ് സംസ്ഥാനത്ത് ബിജെപി മുന്നിലെത്തിയ മണ്ഡലം. ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, വടകര എന്നിവിടങ്ങളിലും ഒരോ നിയമസഭാ മണ്ഡലത്തില്‍ വീതമാണ് യു ഡി എഫ് പിന്നിലായത്.

ഇടതുപക്ഷത്തെ സംബന്ധിച്ചടുത്തോളം . ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, വടകര എന്നിവിടങ്ങളില്‍ ഒരു സീറ്റ് വിജയിച്ചെന്ന് ആശ്വസിക്കാം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ കനത്ത പരാജയമാണ് മുന്നണി ഏറ്റുവാങ്ങിയത്. പിണറായിയുടെ മണ്ഡലമായ ധര്‍മ്മടത്തും മട്ടന്നൂരിലും, തലശ്ശേരിയിലും മാത്രമാണ് ചെങ്കൊടി പാറിയത്.

കാസര്‍കോടാണ് ഇടതുപക്ഷത്തിന് ആശ്വസിക്കാവുന്ന ഫലം പുറത്തുവന്ന മണ്ഡലം. ഇവിടുത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് വിജയിച്ചത് സതീഷ് ചന്ദ്രനാണ്. വലത് തരംഗത്തിലും പിടിച്ചു നിന്ന് ഇടതുപക്ഷത്തിന്‍റെ മാനം കാത്ത ആലപ്പുഴയിലും നിയമ സഭാ മണ്ഡലങ്ങള്‍ സിപിഎമ്മിനൊപ്പം നിന്നില്ല. ആകെയുള്ള ഏഴില്‍ നാലിടത്തും ഷാനിമോളാണ് മുന്നിലെത്തിയിട്ടുള്ളത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.