തൊടുപുഴ: തെരഞ്ഞെടുപ്പ് സമയത്ത് കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കൂടി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസിന്‍റെ തിരക്കിട്ട ശ്രമം. ഇടുക്കി സീറ്റ് പിജെ ജോസഫിനു നല്‍കി തര്‍ക്കം പരിഹരിക്കുന്നതടക്കമുള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ സീറ്റായി ഇടുക്കി
കേരള കോണ്‍ഗ്രസിനു നല്‍കുന്നതില്‍ ലീഗിന് എതിര്‍പ്പുണ്ടെന്നാണ് സൂചന

ഇടുക്കിയില്‍ യുഡിഎഫ് പിന്തുണയോടെ ജോസഫിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. പക്ഷെ ഇതിനായി കോണ്‍ഗ്രസിന് സ്വന്തം സീറ്റ് വിട്ടു കൊടുക്കേണ്ടി വരും. ജോസഫിനെ കൈവിടാന്‍ ഉമ്മന്‍ ചാണ്ടി ഒരുക്കമല്ലെന്നാണ് സൂചന.മൂന്നാം സീറ്റ് ചോദിച്ച മുസ്ലിം ലീഗിന്‍റെ കൂടി സമ്മതത്തോടെ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. രണ്ടാമത്തെ സീറ്റായി ഇടുക്കി

കേരള കോണ്‍ഗ്രസിനു നല്‍കുന്നതില്‍ ലീഗിന് എതിര്‍പ്പുണ്ട്. മൂന്നാം സീറ്റ് എന്ന ആവശ്യം തള്ളിയ കോണ്‍ഗ്രസിന് എങ്ങനെ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാനാകുമെന്നാണ് ലീഗിന്‍റെ ചോദ്യം. എന്നാല്‍ സീറ്റ് കേരള കോണ്‍ഗ്രസിനല്ല സ്വതന്ത്രനായി മത്സരിക്കുന്നത് പിജെ ജോസഫിനാണെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

ജോസഫ് ഇടുക്കിയില്‍ മത്സരിക്കുന്നതിനോട് മാണി വിഭാഗത്തിനും എതിര്‍പ്പില്ലെന്ന് റോഷി അഗസ്റ്റില്‍ എംഎല്‍എ പറഞ്ഞു. അതേ സമയം കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്നോട്ടു പോയി. ഇടുക്കി സീറ്റില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്‍രെ ഈ നീക്കം.

വെള്ളിയാഴ്ചയോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പിജെ ജോസഫിന്‍റെ വിശദീകരണം. എന്നാല്‍ കേരള കോണ്‍ഗ്രസ് വിടാതെ സ്വതന്ത്രനായി ജോസഫ് മത്സരിച്ചാലുള്ള നിയമക്കുരുക്കും ഇരു വിഭാഗവും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കെഎം മാണിയുടെ നിലപാടും നിര്‍ണ്ണായകമാണ്.