പി ജെ ജോസഫിന്‍റെ പ്രതികരണം, ഇന്നലെ വരെയുണ്ടായിരുന്ന മാണി വിഭാഗത്തിന്‍റെ എല്ലാ അനുനയശ്രമങ്ങളും പരാജയപ്പെട്ടുവെന്നാണ് കാണിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ സ്റ്റിയറിംങ് കമ്മിറ്റി മീറ്റിംങ് നിർണായകമാവും
തൊടുപുഴ: താൻ ആദ്യം പറഞ്ഞിടത്ത് തന്നെയാണ് നിൽക്കുന്നതെന്നും ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും പിജെ ജോസഫ്. സ്ഥാനാർത്ഥിയാക്കണമെന്നുള്ള അഭ്യർത്ഥന അവിടെ നിൽക്കുന്നുണ്ടെന്നും ബാക്കി പാർട്ടി തീരുമാനിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സ്ഥാനാർത്ഥിയാക്കുമോ എന്ന കാര്യം പറയാനാവില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
ഇന്ന് കേരളാ കോൺഗ്രസ് പാർലമെന്‍ററി യോഗവും സ്റ്റിയറിംങ് കമ്മിറ്റി മീറ്റിംങും ഇന്ന് ചേരാനിരിക്കുകയാണ്. പി ജെ ജോസഫിന്‍റെ പ്രതികരണം, ഇന്നലെ വരെയുണ്ടായിരുന്ന മാണി വിഭാഗത്തിന്‍റെ എല്ലാ അനുനയശ്രമങ്ങളും പരാജയപ്പെട്ടുവെന്നാണ് കാണിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ സ്റ്റിയറിംങ് കമ്മിറ്റി മീറ്റിംങ് നിർണായകമാവും.
വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗവും വ്യക്തമാക്കിയതോടെ പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. ചില കോൺഗ്രസ് നേതാക്കളാണ് പാർട്ടിയിലെ തർക്കങ്ങൾക്ക് പിന്നിലെന്നാണ് മാണിവിഭാഗത്തിന്‍റെ ആരോപണം. ഇരു വിഭാഗവും നിലപാടിൽ ഉറച്ച് നിന്നാൽ തീരുമാനം എടുക്കാനുള്ള അധികാരം കെ എം മാണിക്ക് വിട്ട് യോഗം പിരിയും. ഇടതുമുന്നണി സ്ഥാനാർത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിക്കൊണ്ട് പോകാനും മാണിക്കാകില്ല.
