തേയിലത്തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ അസമിലെ ദിബ്രുഗാര്‍ഹ് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് തന്റെ പഴയ പ്രചാരണായുധം മോദി പുറത്തെടുത്തത്.
ഗുവാഹത്തി: ചൗക്കീദാറില്‍ നിന്ന് വീണ്ടും ചായക്കച്ചവടക്കാരനായി പ്രധാനമന്ത്രി നരേന്ദ്രമോദി. തേയിലത്തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ അസമിലെ ദിബ്രുഗാര്‍ഹ് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് തന്റെ പഴയ പ്രചാരണായുധം മോദി പുറത്തെടുത്തത്.
താനൊരു സാധാരണക്കാരനായ 'ചായ കച്ചവടക്കാര'നായാണ് ജീവിതം തുടങ്ങിയതെന്ന് ആവര്‍ത്തിച്ചു പറഞ്ഞായിരുന്നു 2014ല്‍ മോദി ജനങ്ങളോട് വോട്ട് തേടിയത്. 2019 ആയപ്പോഴേക്കും പ്രചാരണ തന്ത്രം മാറി. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താന്‍ എന്നാവര്‍ത്തിച്ച് ചൗക്കീദാര്‍ ക്യാമ്പയിന് വരെ തുടക്കമിടുകയും ചെയ്തു. എന്നാല്‍, അസമിലെ തേയിലത്തോട്ടങ്ങളില്‍ ചൗക്കീദാറിനല്ല ചായ കച്ചവടക്കാരനാണ് വോട്ട് കിട്ടുക എന്ന് മോദിക്കറിയാം. അതുകൊണ്ട് തന്നെയാണ് ചൗക്കീദാര്‍മാരെയും ചായ കച്ചവടക്കാരെയും കോണ്‍ഗ്രസിന് ചതുര്‍ത്ഥിയാണെന്ന് മോദി അസമില്‍ പറഞ്ഞത്.
"ഞാന്‍ വിചാരിച്ചത് അവര്‍ക്ക് (കോണ്‍ഗ്രസ്) വിരോധം ഒരേയൊരു ചായ കച്ചവടക്കാരനോട് മാത്രമാണ് എന്നായിരുന്നു. പക്ഷേ, താമസിയാതെ ഞാന്‍ മനസ്സിലാക്കി, അസമില്‍ ആയിക്കോട്ടെ പശ്ചിമബംഗാളില്‍ ആയിക്കോട്ടെ തേയിലത്തൊഴിലാളി മുതല്‍ ചായ കച്ചവടക്കാരനെ വരെ കോണ്‍ഗ്രസ് പരിഗണിച്ചിട്ടേയില്ല. അവര്‍ ആരെയും പുരോഗമനത്തിലേക്ക് നയിച്ചിട്ടില്ല. 70 വര്‍ഷങ്ങളായി നിങ്ങളെ അവര്‍ മറന്നുകിടക്കുകയാണ്. തേയിലത്തൊഴിലാളികളുടെ കഷ്ടപ്പാട് ഒരു ചായ കച്ചവടക്കാരന് മാത്രമേ മനസ്സിലാവൂ.'' മോദി പറഞ്ഞു.
ആറ് ജില്ലകളിലായി പരന്നുകിടക്കുന്ന 800 എസ്റ്റേറ്റുകളാണ് അസമിലുള്ളത്. അസം ജനതയും മുസ്ലീങ്ങളും കഴിഞ്ഞാല്‍ ഏറ്റവും വലിയ ജനവിഭാഗം വിവിധയിടങ്ങളില്‍ നിന്ന് ഇവിടേക്കെത്തിയിട്ടുള്ള തേയിലത്തൊഴിലാളികളാണ്. അസമിലെ 14 ലോക്‌സഭാ സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും തേയിലത്തൊഴിലാളികളുടെ നിലപാടാണ് നിര്‍ണായകമാവുക.
