കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ സാധിക്കാതെ വന്നത് കൊണ്ടാണ് ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായത്. നേരത്തെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം കോൺഗ്രസിന് വേണ്ടി സീവമായി രംഗത്തുണ്ടായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്.

ലഖ്‌നൗ: ഒറ്റനോട്ടത്തിൽ ആർക്കും തോന്നും ഇത് സാക്ഷാൽ മോദി തന്നെയാണെന്ന്. അത് തന്നെയാണ് അഭിനന്ദൻ പതകിനെ പ്രശസ്തനാക്കിയതും. മോദി 2014 ൽ ഇന്ത്യൻ ജനതയുടെ പ്രതീക്ഷയായി വളർന്നപ്പോൾ അഭിനന്ദൻ പതകിന് ആവശ്യക്കാരേറെയായിരുന്നു.

അതിനാൽ തന്നെയാണ് മോദി ലഖ്‌നൗവിൽ നാമനി‍ർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ഇന്ത്യൻ രാഷ്ട്രീയ ലോകം ഒന്നമ്പരന്നത്. പക്ഷെ യഥാ‍ർത്ഥ മോദിയായിരുന്നില്ല മറിച്ച് അപരനാണ് സ്ഥാനാ‍ർത്ഥിയായി രം​ഗത്ത് വന്നത്.

ലഖ്‌നൗവിൽ മാത്രമല്ല, മോദി മത്സരിക്കുന്ന വാരണാസിയിലും ഇദ്ദേഹം മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26 ന് വാരണാസി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

"ഞാനൊരു ഡമ്മി സ്ഥാനാർത്ഥിയല്ല. ഞാൻ വ്യാജ വാ​ഗ്ദാനങ്ങൾക്ക് എതിരായാണ് മത്സരിക്കുന്നത്. മറ്റാരും എന്റെ എതിരാളിയല്ല. ജയിച്ചാൽ ഞാൻ രാഹുൽ ​ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും," അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി രം​ഗത്തിറങ്ങിയ അദ്ദേഹം പിന്നീട് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായി മാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺ​ഗ്രസിന് വേണ്ടി രം​ഗത്തുണ്ടായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോൾ മോദിയുടെ അപരന് കോൺ​ഗ്രസ് സീറ്റ് നൽകിയില്ല. ഇതേ തുട‌ർന്നാണ് ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.