ദില്ലി: കാവല്‍ക്കാരൻ‍ കള്ളനെന്ന കോണ്‍ഗ്രസിന്‍റെ പരിഹാസത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനന്ത്രി നരേന്ദ്രമോദിയുടെ ക്യാംപെയിനിന് തുടക്കമായി. 'ഞാനും കാവല്‍ക്കാരൻ' എന്ന ബദല്‍ മുദ്രാവാക്യവുമായി രാജ്യത്തെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി വൈകീട്ട് സംവാദം നടത്തി.

രാജ്യത്തിന് ആവശ്യം മഹാരാജാവിനെ അല്ല കാവൽക്കാരനെയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. സർക്കാർ ഖജനാവിൽ കയ്യിട്ട് വാരാൻ ആരെയും അനുവദിക്കില്ലെന്നും രാജ്യത്തിന്‍റെ കാവൽക്കാരനാകുമെന്നും  നരേന്ദ്രമോദി പരിപാടിയില്‍ പറഞ്ഞു .

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ജനങ്ങളിലേക്കിറങ്ങി ചെന്നത് ചായ്പേ ചര്‍ച്ചയുമായിട്ടായിരുന്നു.  ഇതേ മോഡലില്‍ പുതിയ തന്ത്രം പയറ്റുകയാണ് ഇക്കുറിയും. കൂട്ടുപിടിക്കുന്നത് കാവല്‍ക്കാരന്‍ കള്ളനെന്ന കോണ്‍ഗ്രസിന്‍റെ പരിഹാസത്തെ 'ഞാനും കാവല്‍ക്കാരന്‍' എന്ന ഹാഷ് ടാഗില്‍  ദില്ലിയിലെ താല്‍ക്കത്തോറ സ്റ്റേഡിയമായിരുന്നു വേദി.

Also Read: 2014 ല്‍ 'ചായ്പേ', 2019 ല്‍ 'ഞാനും കാവല്‍ക്കാരന്‍' ; തന്ത്രം പുതുക്കി തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് മോദി

മോദി 5000 പ്രവര്‍ത്തകരുമായി നേരിട്ട് സംവാദിച്ചു. ഒപ്പം രാജ്യത്തെ 500 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ വഴിയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. രാജ്യത്തിനാവശ്യം സത്യസന്ധരായ കാവല്‍ക്കാരെന്ന് തുടക്കം തന്നെ പ്രഖ്യാപനം. രാജ്യത്തെ കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു

കര്‍ഷകരും പ്രോഫഷണലുകളും യുവ വോട്ടർമാരും സംവാദത്തില്‍ പങ്കെടുത്തു. ട്വിറ്ററില്‍ ഞാനും കാവല്‍ക്കാരൻ എന്ന ഹാഷ് ടാഗിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു. 20 ലക്ഷം ട്വീറ്റുകള്‍ വന്നതായാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടത്.