Asianet News MalayalamAsianet News Malayalam

മോദി 2.0 ടീമിൽ വകുപ്പ് വിഭജനം ഉടൻ: അമിത് ഷാ ധനമന്ത്രിയോ? ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട്

താക്കോൽ സ്ഥാനത്തേക്ക് ആര് വരുമെന്നതിൽ സസ്പെൻസ് തുടരുകയാണ്. ധന, വിദേശകാര്യ, ആഭ്യന്തര, പ്രതിരോധ വകുപ്പുകൾ ആർക്കൊക്കെ ലഭിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

PM Modis New Cabinet To Meet This Evening Suspense Over Portfolios
Author
New Delhi, First Published May 31, 2019, 11:59 AM IST

ദില്ലി: പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. കേന്ദ്രമന്ത്രിസഭയിലെ 58 അംഗങ്ങളിൽ ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധന, വിദേശകാര്യ, ആഭ്യന്തര, പ്രതിരോധ വകുപ്പുകൾ ആർക്കൊക്കെ ലഭിക്കുമെന്നത് നിർണായകമാണ്. 

ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഭരണതലത്തിലേക്ക് വന്ന അമിത് ഷായ്ക്ക് താക്കോൽ സ്ഥാനങ്ങളിലെ വകുപ്പുകളിലൊന്ന് ലഭിക്കുമെന്നുറപ്പാണ്. അരുൺ ജയ്‍റ്റ്‍ലി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവായ സാഹചര്യത്തിൽ ധനകാര്യവകുപ്പ് അമിത് ഷാ കൈകാര്യം ചെയ്യാൻ തന്നെയാണ് സാധ്യത. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത രാജ്‍നാഥ് സിംഗിന് ആഭ്യന്തരവും, നിർമലാ സീതാരാമന് പ്രതിരോധവും ലഭിക്കാനാണ് സാധ്യത കൽപിക്കപ്പെടുന്നത്. ഇത്തവണ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തറപറ്റിച്ച സ്മൃതി ഇറാനിക്ക് സുപ്രധാന പദവി തന്നെ ലഭിക്കാനാണ് സാധ്യത. ഊർജ, റെയിൽ വകുപ്പുകൾ കൈകാര്യം ചെയ്ത മുൻ മന്ത്രി പിയൂഷ് ഗോയലിനും സുപ്രധാനപദവികൾ തന്നെ ലഭിക്കും. സുഷമാ സ്വരാജിനെയും പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത.

കഴി‍‌ഞ്ഞ അഞ്ച് വർഷം സർക്കാരിന്‍റെ ഭാഗമാകാൻ അനുവദിച്ചതിന് സുഷമാ സ്വരാജ് മോദിക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 'യുവത്വത്തിന്‍റെ തുടിപ്പും പരിചയസമ്പന്നതയും ചേർന്ന മന്ത്രിസഭയാണ്' പുതിയ ടീമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സ്വന്തം മന്ത്രിസഭയെ വിശേഷിപ്പിച്ചത്. 

25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. 

മന്ത്രിസഭായോഗം അഞ്ചരയ്ക്ക്, വകുപ്പുകൾ ഉടൻ

ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക. അൽപസമയത്തിനകം ക്യാബിനറ്റ് സെക്രട്ടറിയുടെ വെബ്‍സൈറ്റിൽ രാഷ്ട്രപതിക്ക് കൈമാറിയ മന്ത്രിമാരുടെ വകുപ്പു വിഭജനം പ്രസിദ്ധീകരിക്കും. സസ്പെൻസാക്കി വച്ച വകുപ്പു വിഭജനം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. 

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മുമ്പാണ് അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സ്ഥിരീകരണം പുറത്തു വന്നത്. ഇതിന് മുമ്പ് അത്തരം വാർത്തകൾ ബിജെപി കേന്ദ്രങ്ങളാരും സ്ഥിരീകരിച്ചിരുന്നില്ല. സുഷമാ സ്വരാജ്, രാജ്യവർധൻ റാത്തോഡ്, സുരേഷ് പ്രഭു, മനേക ഗാന്ധി, ജെ പി നദ്ദ, ജയന്ത് സിൻഹ എന്നീ വലിയ പേരുകൾ ഒഴിവാക്കപ്പെട്ടപ്പോൾ, മുൻ വിദേശകാര്യസെക്രട്ടറി എസ് ജയശങ്കർ കേന്ദ്രമന്ത്രിസഭയിലെത്തിയത് 'സർപ്രൈസ് എൻട്രി' തന്നെയായിരുന്നു. 

അതേസമയം, ഒന്നിൽക്കൂടുതൽ കേന്ദ്രമന്ത്രിപദങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറിയിരുന്നു. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ എതിർപ്പറിയിച്ചാണ് കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തീരുമാനിച്ചത്. 

''ജെഡിയുവിൽ നിന്ന് അവർക്ക് ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നാണ് അറിയിച്ചത്. അത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണ്. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് മന്ത്രിപദം വേണ്ടെന്ന് തിരിച്ച് അവരെ അറിയിച്ചു. അത് വലിയ പ്രശ്നമല്ല, ഞങ്ങൾ എൻഡിഎക്കൊപ്പം തന്നെയാണ്. ഞങ്ങൾക്ക് അതിൽ അതൃപ്തിയുമില്ല. ഞങ്ങൾ ഒന്നിച്ചാണ് നിൽക്കുന്നത്, ഇതിൽ ആശയക്കുഴപ്പമില്ല'', നിതീഷ് കുമാർ പറഞ്ഞു.

ബിജെപി സഖ്യകക്ഷിയായ അപ്‍നാ ദളിനും അണ്ണാ ഡിഎംകെയ്ക്കും മന്ത്രിപദം കിട്ടുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല. 

നേരത്തേ അജിത് ദോവൽ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ദോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്. നിലവിൽ ഉപ സുരക്ഷാ ഉപദേഷ്ടാവായ ആർ. എൻ. രവിയെ ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റിലെ സുപ്രധാനപദവികളിലൊന്നിലേക്ക് കൊണ്ടുവന്നേക്കും എന്നാണ് സൂചന. ഇനി വരുന്ന സർക്കാരിന്‍റെ നിർണായക ചുമതലകളിലൊന്ന് പുതിയ ദേശ സുരക്ഷാ നയം രൂപീകരിക്കുക എന്നതാണ്. ബാലാകോട്ട് പ്രത്യാക്രമണവും ക്രിസ്ത്യൻ മിഷേൽ അടക്കമുള്ളവരെ വിചാരണയ്ക്കായി ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതും വിദേശകാര്യരംഗത്തും സുരക്ഷാ രംഗത്തും ഇന്ത്യ വിജയമാണെന്ന തോന്നൽ ജനിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഇത് നിലനിർത്താൻ വിദഗ്‍ധരുടെ സഹായം ബിജെപിക്കാവശ്യമാണ്.

ദില്ലി പാർലമെന്‍റ് സ്ട്രീറ്റിലെ സർദാർ പട്ടേൽ ഭവനാകും ഇനി പിഎംഒയുടെ ഒരു സുപ്രധാന ചുമതല അടുത്ത അഞ്ച് വർഷത്തേക്ക് നിർണയിക്കുന്നത്. സുശക്തമായ ഒരു ദേശസുരക്ഷാ നയം അജിത് ദോവലിന്‍റെ നേതൃത്വത്തിൽ ഉടൻ പുറത്തുവരുമെന്നാണ് സൂചന.

റിസർച്ച് ആന്‍റ് അനാലിസിസ് വിങ് (റോ)യിലും ഇന്‍റലിജൻസ് ബ്യൂറോ (ഐബി) യിലും പുതിയ തലവൻമാർ വരും. അടുത്ത മാസത്തോടെ ഇരു ഏജൻസികളുടെയും തലവൻമാരായ അനിൽ ദസ്‍മാനയുടെയും രാജീവ് ജെയിനിന്‍റെയും കാലാവധി അവസാനിക്കാനിരിക്കുകയാണ്. രണ്ട് പേരും ഡിസംബർ 31 ന് വിരമിക്കാനിരുന്നതാണ്. ഇരുവർക്കും ആറ് മാസത്തെ കാലാവധി നീട്ടി നൽകുകയായിരുന്നു. 

കൊളംബോയിലെ മുൻ ഐബി തലവനായിരുന്ന കെ ഇളങ്കോ റോ തലവനായും ഐബി സ്പെഷ്യൽ ഡയറക്ടറായ അരവിന്ദ് കുമാറും എത്തുമെന്നാണ് അഭ്യൂഹം. തന്നെ അട്ടിമറിക്കാനായി ഇന്ത്യൻ സർക്കാർ സിരിസേനയെ സഹായിച്ചെന്നും അതിന് ഇടനില നിന്നത് ഇളങ്കോയാണെന്നും ശ്രീലങ്കയിലെ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ നേരത്തേ ആരോപിച്ചിരുന്നതാണ്. 

രാവിലെയും കൂടിക്കാഴ്ചകൾ

സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന്, ഇന്ന് രാവിലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ബിംസ്റ്റെക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 

മോദി 2.0 ടീം ഇങ്ങനെ ..

  • നരേന്ദ്രമോദി (പ്രധാനമന്ത്രി)
  • രാജ്‍നാഥ് സിംഗ്
  • അമിത് ഷാ
  • നിതിൻ ഗഡ്കരി
  • പി വി സദാനന്ദഗൗഡ
  • നിർമ്മല സീതാരാമൻ
  • രാം വിലാസ് പസ്വാൻ 
  • നരേന്ദ്ര സിംഗ് തോമർ
  • രവിശങ്കർ പ്രസാദ്
  • ഹര്‍സിമ്രത് കൗര്‍ ബാദല്‍
  • തവർ ചന്ദ് ഗെലോട്ട്
  • എസ് ജയശങ്കർ
  • രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • അർജുൻ മുണ്ട
  • സ്മൃതി ഇറാനി
  • ഹര്‍ഷവര്‍ദ്ധൻ 
  • പ്രകാശ് ജാവദേക്കര്‍
  • പീയുഷ് ഗോയല്‍
  • ധര്‍മേന്ദ്ര പ്രധാന്‍
  • പ്രഹ്ളാദ് ജോഷി
  • മഹേന്ദ്ര നാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • ഗിരിരാജ് സിംഗ്
  • ഗജേന്ദ്ര സിംഗ് ഷെഖാവത്
  • സന്തോഷ് കുമാർ ഗാംഗ്‍വർ
  • റാവു ഇന്ദർജീത് സിംഗ്
  • ശ്രീപദ് നായിക്
  • ജിതേന്ദ്ര സിംഗ്
  • മുക്താർ അബ്ബാസ് നഖ്‍വി
  • പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • മഹേന്ദ്രനാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • കിരൺ റിജ്ജു
  • പ്രഹ്ളാദ് സിംഗ് പട്ടേൽ
  • രാജ് കുമാർ സിംഗ്
  • ഹർദീപ് സിംഗ് പുരി
  • മൻസുഖ് എൽ മാണ്ഡവ്യ
  • ഫഗ്ഗൻസിംഗ് കുലസ്‍തെ
  • അശ്വിനി കുമാർ ചൗബെ
  • അർജുൻ റാം മേഘ്‍വാൾ
  • വി കെ സിംഗ്
  • കൃഷൻ പാൽ ഗുർജർ
  • ദാൻവെ റാവു സാഹെബ് ദാദാറാവു
  • ജി കിഷൻ റെഡ്ഡി
  • പുരുഷോത്തം രുപാല
  • രാംദാസ് അഠാവ്‍ലെ
  • നിരഞ്ജൻ ജ്യോതി
  • ബബുൽ സുപ്രിയോ
  • സഞ്ജീവ് കുമാർ ബല്യാൻ
  • ധോത്രെ സഞ്ജയ് ശാംറാവു
  • അനുരാഗ് സിംഗ് ഠാക്കൂർ
  • അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • നിത്യാനന്ദ് റായി
  • രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • വി മുരളീധരൻ
  • രേണുക സിംഗ്
  • സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • പ്രതാപ് ചന്ദ്ര സാരംഗി 
  • കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
Follow Us:
Download App:
  • android
  • ios