ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തെത്തിയതോടെ വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 

തിരുവനന്തപുരം: എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദം അന്വേഷിക്കുന്ന പോലീസ് സംഘത്തെ വിപുലീകരിക്കുന്നു. തലശ്ശേരി എഎസ്പിയായ സുകുമാർ അരവിന്ദനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

എം കെ രാഘവനെതിരായി സിപിഎം നൽകിയ പരാതിയും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് രാഘവന്‍ നല്‍കിയ പരാതിയുമാണ് സംഘം അന്വേഷിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തുടങ്ങിയത്.

വിവാദവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികള്‍ പരിശോധനക്കായി ഡിജിപിക്ക് കൈമാറിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജിക്കാണ് ഡിജിപി അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

ഒളിക്യാമറ വിവാദത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് എം കെ രാഘവന്‍റെ പരാതി. കോഴിക്കോട്ടെ സിപിഎം നേതൃത്വവും ഒരു മാഫിയ സംഘവും ഇതിന് പിന്നിലുണ്ടെന്നും രാഘവന്‍ ആരോപിക്കുന്നു.

അതേസമയം ഒളിക്യാമറയിലെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ എം കെ രാഘവന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാണ് സിപിഎമ്മിന്‍റെ പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവുകള്‍ക്കായി 20 കോടി രൂപ എവിടെ നിന്ന് കിട്ടി?എങ്ങിനെ വിനിയോഗിച്ചു?എംപിയായ ശേഷം രാഘവന്‍റെയും കുടംബത്തിന്‍റെയും സ്വത്തിലുള്ള വര്‍ധന തുടങ്ങിയവ അന്വേഷിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് രാഘവന്‍ നല്‍കിയ കണക്ക് വ്യാജമാണെന്നും സിപിഎം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എം കെ രാഘവൻ അനധികൃതമായി പണം സ്വരൂപിക്കാൻ ശ്രമിക്കുന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് ഒളിക്യാമറയിലൂടെ പുറത്ത് വന്നതെന്നും കൂടുതൽ ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആവശ്യമാണെന്നും എൽഡിഎഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റിയാസ് പറഞ്ഞു.

രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎം പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ സിപിഎമ്മിന്‍റെ പരാതികളിലോ ഉയർത്തുന്ന ആരോപണങ്ങളിലോ പ്രതികരിക്കാൻ രാഘവൻ തയ്യാറായില്ല. 

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തെത്തിയതോടെ വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തെ കുറിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണം പര്യാപ്തമാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ആരോപണങ്ങൾ തെറ്റെങ്കില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

വിവാദത്തിൽ എം കെ രാഘവന് കോൺഗ്രസ് നേതാക്കൾ പരസ്യ പിന്തുണ നൽകുന്നുണ്ടെങ്കിലും സംഭവത്തിൽ രാഘവന് ജാഗ്രത കുറവുണ്ടായെന്ന വിലയിരുത്തലിലാണ് പാ‍ർട്ടി. പ്രചാരണ രംഗത്ത് സിപിഎം ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാനുള്ള ആയുധങ്ങളൊന്നും കൈയിലില്ലാത്തതും കോൺഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്.