രണ്ടാം യുപിഎ കാലത്ത് മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ അടിമുടി തിളങ്ങിയ വ്യക്തിത്വമായിരുന്നു കെ.വി.തോമസിന്റേത്. 30 വര്‍ഷം എറണാകുളത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലും നിയമസഭയിലും കോണ്‍ഗ്രസിലെ അതികായന്മാരിലൊരാള്‍. കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയായിരുന്നയാള്‍. നിര്‍ണായകമായ സംഘടനാച്ചുമതലകള്‍ വഹിച്ചയാള്‍. ലോക്‌സഭാസീറ്റ് നിഷേധിച്ചെന്ന കാരണത്താല്‍ പാര്‍ട്ടിയ്‌ക്കെതിരെ പൊട്ടിത്തെറിച്ചതിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് കെ.വിതോമസ്. 

കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ കുറുപ്പശ്ശേരി വര്‍ക്കി തോമസ് ആദ്യം അടയാളപ്പെടുത്തപ്പെട്ടത് കെ.കരുണാകരന്റെ പ്രിയപ്പെട്ട ശിഷ്യന്‍ എന്നായിരുന്നു. പക്ഷേ, കരുണാകരന്റെ പ്രഭാവം മങ്ങിത്തുടങ്ങിയതോടെ ഐ ഗ്രൂപ്പിന്റെ ശക്തനായ പോരാളിയെന്ന വിശേഷണത്തില്‍ നിന്ന് തോമസ് പിന്മാറിത്തുടങ്ങി. ക്രമേണ സോണിയാ ഗാന്ധിയുടെ ആശ്രിതവത്സലനായി മാറി. എന്നാല്‍ രാഹുല്‍ യുഗം ആരംഭിച്ചതോടെ പഴയ പ്രതാപം നിലനിര്‍ത്താന്‍ തോമസിനായില്ല. തലമുറമാറ്റത്തോടൊപ്പം ഓടിയെത്താന്‍ അദ്ദേഹത്തിനായില്ല എന്നതിന്റെ ഉദാഹരണം കൂടിയാവുകയാണ് 73ാം വയസ്സില്‍ കൈവിട്ടുപോയ എറണാകുളം സീറ്റ്.

എറണാകുളം തേവര എസ്എച്ച് കോളേജില്‍ കെമിസ്ട്രി അധ്യാപകനായി ജോലി ചെയ്തശേഷമായിരുന്നു കെ.വി.തോമസിന്റെ രാഷ്ട്രീയപ്രവേശം. കുമ്പളങ്ങി കായലും തിരുത മത്സ്യവും തോമസ് മാഷും എന്ന കെമിസ്ട്രിയെക്കുറിച്ച്  ഏറെക്കാലം കേരളരാഷ്ട്രീയത്തില്‍ പറഞ്ഞുകേട്ടിരുന്നു. 1984ല്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് തുടക്കമാകുന്നത്. 1991 വരെ തുടര്‍ച്ചയായി 12 വര്‍ഷം അദ്ദേഹം എറണാകുളത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. 

1996ല്‍ പക്ഷേ എറണാകുളം കെ.വിതോമസിനെ കൈവിട്ടു. എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന സേവ്യര്‍ അറയ്ക്കലിനോട് പരാജയപ്പെട്ട തോമസ് പിന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് 2001ലാണ്. എറണാകുളം നിയമസഭാ മണ്ഡലം ആയിരുന്നു കളം. 2001ലും 2006ലും എറണാകുളത്തെ പ്രതിനിധീകരിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. 2001 മുതല്‍ 2004 വരെ കേരള നിയമസഭയില്‍ എക്‌സൈസ്,ടൂറിസം, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം.

2009ലാണ് വീണ്ടും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ പറഞ്ഞുകേട്ടത് ഹൈബി ഈഡന്റെ പേരായിരുന്നു. എന്‍എസ്യു അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഹൈബിയുടെ പേരാണ് കേരളത്തില്‍ നിന്ന് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചത്. എന്നാല്‍, പട്ടിക പുറത്തുവന്നപ്പോള്‍ ഹൈബി പുറത്തും കെ.വി.തോമസ് അകത്തും. എറണാകുളം എംഎല്‍എയായിരുന്ന തോമസിന് സോണിയാ ഗാന്ധിയുെട ഇടപെടലാണ് ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തിലേക്ക് വഴിതുറന്നത്. 

രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിപദത്തിലേക്ക് കെ.വി.തോമസ് നടന്നുകയറിയതും സോണിയാഗാന്ധിയുടെ ആശീര്‍വാദത്തോടെയായിരുന്നു. ഭക്ഷ്യസുരക്ഷാ ബില്‍ തോമസിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിമതനാക്കി. മുന്‍കൂര്‍ അനുവാദം കൂടാതെ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള നേതാക്കളിലൊരാളായിരുന്നു അന്ന് തോമസ്. എന്നാല്‍, സോണിയയുമായുള്ള അടുപ്പം രാഹുല്‍ ഗാന്ധിയോട് പുലര്‍ത്തുന്നതില്‍ തോമസ് പരാജയപ്പെട്ടു. രാഷ്ട്രീയഭേദമില്ലാതെ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തതും തോമസിന് പ്രതികൂലമായി വന്നു.

കൊച്ചിയില്‍ നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തെ പുകഴ്ത്തി കെ.വി.തോമസ് പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണിലെ കരടാവാനേ ആ പ്രസംഗം ഉപകരിച്ചുള്ളു. ആ അപ്രിയതയുടെ കലാശക്കൊട്ടാണ് സീറ്റ് നിഷേധമെന്ന രൂപത്തില്‍ പ്രതിഫലിച്ചതും.

സിറ്റിംഗ് എംപിമാരെ എല്ലാം മത്സരിപ്പിക്കുമെന്ന പാര്‍ട്ടി തീരുമാനത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയായിരുന്നു കെ.വി.തോമസ്. അദ്ദേഹത്തെപ്പോലെയുള്ളവരെ മാറ്റി യുവനിരയെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണ ബോര്‍ഡുകള്‍ നിരന്നതും ആ അമിത ആത്മവിശ്വാസം കൊണ്ടു തന്നെ. 

എന്നാല്‍, എല്ലാത്തിനുമൊടുവില്‍ എറണാകുളം സീറ്റ് ഹൈബി ഈഡനിലേക്ക് ഗതി മാറിയതോടെ നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയായിരുന്നു കെ.വി.തോമസ്. മൂന്നു പതിറ്റാണ്ട് കാലം എംപി സ്ഥാനത്തിരുന്നിട്ടും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായിട്ടും മതിയായിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നതാണ് പിന്നീട് കേരളം കണ്ടത്. പാര്‍ട്ടി തന്നെ ചതിച്ചെന്നും താന്‍ ഞെട്ടിയെന്നും പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം. ഇനിയും അവസാനിക്കാത്ത ചര്‍ച്ചകളില്‍  കെ.വിതോമസിന്റെ ആത്മാര്‍ഥതയും രാഷ്ട്രീയഭാവിയുമൊക്കെ  വിഷയങ്ങളാകുമ്പോള്‍ ഹൈബി ഈഡന് ലഭിച്ചത് കാലത്തിന്റെ കാവ്യനീതിയാണെന്ന് കേരളം ഒന്നടങ്കം പറയുന്നു.