ഫരീദാബാദ്‌: പോളിംഗ്‌ ബൂത്തിനുള്ളില്‍ വച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോളിംഗ്‌ ഏജന്റിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഹരിയാനയിലെ ഫരീദാബാദിലാണ്‌ സംഭവം. സ്‌ത്രീകള്‍ വോട്ട്‌ ചെയ്യാനെത്തുമ്പോള്‍ പോളിംഗ്‌ ഏജന്റ്‌ പോയി അവരുടെ വോട്ട്‌ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വോട്ട്‌ ചെയ്യാനായി സ്‌ത്രീകള്‍ എത്തുമ്പോള്‍ പോളിംഗ്‌ ഏജന്റ്‌ എഴുന്നേറ്റ്‌ പോയി വോട്ടിംഗ്‌ മെഷീന്‍ വച്ചിരിക്കുന്നിടത്ത്‌ ചെല്ലും. തിടുക്കത്തില്‍ വോട്ട്‌ രേഖപ്പെടുത്തി തിരികെവരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. രണ്ട്‌ മൂന്ന്‌ തവണ ഇയാള്‍ ഇങ്ങനെ വോട്ട്‌ ചെയ്യുന്നത്‌ വീഡിയോയിലുണ്ട്‌. ബൂത്തിലുള്ള ഉദ്യോഗസ്ഥരില്‍ ആരും തന്നെ നിയമവിരുദ്ധമായ പ്രവര്‍ത്തിയില്‍ നിന്ന്‌ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുമില്ല.


വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ നിരവധി പേര്‍ രംഗത്തെത്തി. ഹരിയാന തെരഞ്ഞെടുപ്പ്‌ കമ്മീഷനെ ടാഗ്‌ ചെയ്‌താണ്‌ പലരും വീഡിയോ ഷെയര്‍ ചെയ്‌തത്‌. തുടര്‍ന്ന്‌ ഇയാള്‍ക്കെതിരെ നടപടിയെടുത്തതായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.