മലപ്പുറം: പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറിന് ആശ്വാസമായി പൊൻമുണ്ടം കോൺഗ്രസിന്‍റെ മനസാക്ഷി വോട്ട്. മുസ്ലീം ലീഗ് വിരുദ്ധ രാഷ്ട്രീയ നിലപാടുമായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പമായിരുന്ന പൊൻമുണ്ടം കോൺഗ്രസ് ഇത്തവണ ആദ്യമായാണ് നിലപാട് മാറ്റുന്നത്.

2013 ലാണ് പൊൻമുണ്ടത്തെ കോൺഗ്രസ് കമ്മിറ്റി പിളര്‍ന്ന് പൊൻമുണ്ടം കോൺഗ്രസ് ഉണ്ടായത്. കോൺഗ്രസ് നേതൃത്വം മുസ്ലീം ലീഗിനു കീഴടങ്ങുന്നുവെന്നും അര്‍ഹമായ പരിഗണന കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുസ്ലീം ലീഗ് നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു പിളര്‍പ്പ്. പൊൻമുണ്ടം കോൺഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച വിമത വഭാഗം പിന്നീട് നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലും തദ്ദേശഭരണ തെരെ‍ഞ്ഞെടുപ്പിലും, നിയമസഭ തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പമാണ് നിന്നത്.

യുഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കി കരുത്ത് തെളിയിച്ചതോടെയാണ് പൊൻമുണ്ടം കോൺഗ്രസിനെ യുഡിഎഫ് നേതൃത്വം കാര്യമായി പരിഗണിച്ചു തുടങ്ങിയത്. ഇതോടെയാണ് ഇടതുമുന്നണിക്ക് ഏകപക്ഷീയമായി പിന്തുണ നല്‍കുന്ന നിലപാട് ഇത്തവണ വേണ്ടെന്ന് പെൺമുണ്ടം കോൺഗ്രസ് യോഗം ചേര്‍ന്ന് സ്വീകരിച്ചത്. ഇടതു നിലപാട് വിട്ട് മനസാക്ഷിവോട്ടെന്ന നിലപാട് പ്രഖ്യാപിച്ചതോടെ പൊൻമുണ്ടം കോൺഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് തിരിച്ചു പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം കോൺഗ്രസ് നേതൃത്വം തുടങ്ങിയിട്ടുണ്ട്.