കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ യുഡിഎഫ് അനുഭാവികളായ 33 പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിലാണ് രണ്ട് പൊലീസുദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ശുപാർശ വന്നിരിക്കുന്നത്.
കാസർകോട്: ബേക്കലിൽ യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന ആരോപണത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. എഎസ്ഐ റാങ്കിലുള്ള റൈറ്റർ ശശി, സിപിഒ സുരേഷ് എന്നിവർക്കെതിരെയാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. സിപിഒയായ സുരേഷ് പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമാണ്.
അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഡിജിപി ലോക്നാഥ് ബെഹ്‍റയ്ക്ക് റിപ്പോർട്ട് നൽകി. മെയ് 12-നാണ് പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയത്. 16-നാണ് അപേക്ഷ പോസ്റ്റ് ഓഫീസിൽ എത്തിയത്. പക്ഷേ, 24-ന് മാത്രമേ കളക്ടറേറ്റിലെ സെക്ഷനിൽ അപേക്ഷ എത്തിയുള്ളൂ. അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഇത് പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്ന പരാതിയിലാണ് നടപടിക്ക് ശുപാർശ നൽകിയിരിക്കുന്നത്. 33 പൊലീസുകാർ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇ-മെയിലായാണ് പരാതി നൽകിയത്. എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ പറയുന്നത്.
ഇതേത്തുടർന്നാണ് പോസ്റ്റൽ ബാലറ്റിൽ തിരിമറി നടത്തിയത് അന്വേഷിക്കുന്ന അതേ ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസിന്‍റെ അന്വേഷണവും ഡിജിപി കൈമാറിയത്.
