ആലത്തൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ട് ഒരുങ്ങിയതോടെ പാര്‍ട്ടികള്‍ തമ്മിലുള്ള പോരും കനക്കുന്നു. പ്രചാരണം ചൂടുപിടിക്കുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളിലും വാഗ്വാദങ്ങള്‍ മുറുകുകയാണ്. ഫേസ്ബുക്കില്‍ ഇപ്പോള്‍ പോസ്റ്റര്‍ പോരാണ് ഇരു മുന്നണികളിലും തമ്മില്‍ നടക്കുന്നത്.

ആലത്തൂര്‍ മണ്ഡലത്തിലെ പോസ്റ്ററുകളെ ചൊല്ലി ആരംഭിച്ച തര്‍ക്കങ്ങള്‍ ഇപ്പോള്‍ വി ടി ബല്‍റാം, എം സ്വാരാജ് മുതല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ വരെ എത്തിനില്‍ക്കുകയാണ്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ പോസ്റ്ററില്‍ മുഖത്ത് സിപിഎമ്മിന്‍റെ ചിഹ്നം ഒട്ടിച്ചിരിക്കുന്ന നിലയിലാണ് ചിത്രമുള്ളത്.

ആലത്തൂരിൽ ഇതാ പുതിയ മത്സരം... സ്ക്രാച്ച് ആൻഡ് വിൻ! മുകളിലുള്ളത് സ്ക്രാച്ച് ചെയ്ത് കളഞ്ഞാൽ യഥാർത്ഥ വിജയിയെ കണ്ടെത്താം എന്നാണ് ഈ ഫോട്ടോ ഉള്‍പ്പെടുത്തി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. അതിന് മറുപടിയുമായി എം സ്വരാജ് എത്തി. തെരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസിന്‍റെ തറവേലയെന്നാണ് സ്വരാജ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഏതു പ്രസിലും നൂറെണ്ണത്തിന്റെ കെട്ടുകളായി വിൽപനയ്ക്ക് റെഡിയാണ്. അതിന് കെട്ടൊന്നിന് 50 രൂപ മാത്രമേയുള്ളൂ. സ്ഥാനാര്‍ഥിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഒന്നും വില്‍പനയ്ക്കില്ല.

അതിനാല്‍ യുഡിഎഫ് സ്ഥാനാർഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളിൽ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നുവെന്നും സ്വരാജ് കുറിച്ചു. ക്ലാസ്മേറ്റ്സ് സിനിമയില്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കുന്ന സതീശന്‍ കഞ്ഞിക്കുഴി എന്ന കഥാപാത്രത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തെ പരിഹസിച്ചത്.