കൊച്ചി/ദില്ലി: കെ വി തോമസിന്‍റെ സ്ഥാനാർത്ഥിത്വം വേണ്ടെന്ന ഒളിയമ്പുമായി അർദ്ധരാത്രി എറണാകുളം ഡിസിസിക്ക് മുന്നിൽ പോസ്റ്ററുകൾ. എറണാകുളം സീറ്റിന് വേണ്ടി ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് കെ വി തോമസ് കരുനീക്കുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. അജ്ഞാതരുടെ പേരല്ല, യൂത്ത് കോൺഗ്രസിന്‍റെ പേരിൽത്തന്നെയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. 

''അധികാരത്തിലുള്ളവരും പല പ്രാവശ്യം മത്സരിച്ചവരും മാറി നിൽക്കട്ടെ, കൊച്ചിയുടെ വളർച്ചയ്ക്ക് വേണ്ടത് യുവരക്തം, യുവാക്കൾക്ക് അവസരം നൽകുക - യൂത്ത് കോൺഗ്രസ്'', എന്നാണ് പോസ്റ്ററിൽ പറയുന്നത്. ഡിസിസി ഓഫീസിന് മുന്നിലും എതിർവശത്തുമായി ഏഴെട്ടിടത്ത് പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. 

ലോക്സഭാ സീറ്റ് നിഷേധിച്ചപ്പോൾത്തന്നെ കെ വി തോമസ് വേണ്ടത്ര കലാപമുണ്ടാക്കിയതാണ്. കെ വി തോമസ് ബിജെപിയിലേക്ക് പോകുമെന്ന് വരെ അഭ്യൂഹങ്ങൾ അന്ന് ഉയർന്നു. അദ്ദേഹം നേരിട്ട് അത് നിഷേധിച്ചെങ്കിലും. ഇവിടെ സീറ്റ് നൽകിയേ തീരൂ എന്നൊരു സമ്മർദ്ദമുണ്ട് കോൺഗ്രസിന് മേൽ.

ലോക്സഭാ സീറ്റ് നിഷേധിച്ച് ഹൈബി ഈഡന് പകരം സീറ്റ് നൽകിയപ്പോൾ എംഎൽഎ സ്ഥാനം മുതൽ യുഡിഎഫ് കൺവീനർ സ്ഥാനവും, എഐസിസി ഭാരവാഹിത്വവും കോൺഗ്രസ് അന്ന് കെ വി തോമസിന് മുന്നിൽ വച്ചതാണ്. സമവായത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് 'എന്തിനാണീ നാടകം' എന്ന് കെ വി തോമസ് ക്ഷോഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറുകണ്ടം ചാടിയ ടോം വടക്കന്‍റെ നേതൃത്വത്തിലാണ് കെ വി തോമസിനെ വലവീശിപ്പിടിക്കാൻ ബിജെപി ശ്രമിച്ചത്. സോണിയാഗാന്ധി തന്നെ ഇടപെട്ട് അത് ഒഴിവാക്കി. കെ വി തോമസിനെ സമാധാനിപ്പിച്ചു. 

Read More: 'എന്തിനീ നാടകം?', വീട്ടിലെത്തിയ ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്

ഇതിന് പിന്നാലെയാണിപ്പോൾ കെ വി തോമസ് നേരിട്ട് ദില്ലിയിലെത്തിയിരിക്കുന്നത്. ഇന്നലെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കെ വി തോമസ് കണ്ടു. ഇന്ന് രാഹുൽ ഗാന്ധിയെ കാണും. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

ഐ ഗ്രൂപ്പിന് തന്നെയാണ് എറണാകുളം സീറ്റിന് സാധ്യത. എന്നാൽ കെ വി തോമസിന്‍റെ സ്ഥാനാർത്ഥിത്വത്തെ വെട്ടാൻ ഹൈബി ഈഡൻ സജീവമായി രംഗത്തുണ്ട്. ഹൈബിയും ദില്ലിയിലെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി മേയർ ടി ജെ വിനോദാണ് ഹൈബിയുടെ നോമിനി. ലാലി വിൻസന്‍റ്, മുൻ മേയർ ടോണി ചമ്മണി എന്നിവരുടെ പേരുകളും സജീവമായി രംഗത്തുണ്ട്.

എറണാകുളത്ത് വിജയസാധ്യത മാത്രം പരിഗണിക്കണമെന്ന് ഹൈക്കമാന്‍റിനെ അറിയിച്ചെന്നാണ് ഹൈബി ഈഡൻ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ പ്രതികരിച്ചത്. യുവാക്കളുടെ വിശ്വാസം ആർജിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണമെന്നാണ് ഹൈബി പറയുന്നത്. എറണാകുളത്തിന്‍റെ ഉപതെരഞ്ഞെടുപ്പിന് പരാജയത്തിന്‍റെ ചരിത്രം കൂടിയുണ്ടെന്ന് ഹൈക്കമാന്‍റിനെ അറിയിച്ചു. ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയല്ല ദില്ലിയിൽ നടത്തിയതെന്നും ഹൈബി വ്യക്തമാക്കി.