Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖര്‍ജി; പ്രതിപക്ഷത്തിന് ഞെട്ടല്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മാതൃകാപരമായ രീതിയിലാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടത്തിയതെന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബിന്‍റെ പ്രശംസ

pranab mukharjee backs election commission
Author
Delhi, First Published May 21, 2019, 8:55 AM IST

ദില്ലി: വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മാതൃകാപരമായ രീതിയിലാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടത്തിയതെന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബിന്‍റെ പ്രശംസ.

ഒരു ഭരണഘടന സ്ഥാപനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കരുതിയാല്‍ മാത്രമേ അത്തരം സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടാനാകൂ. ഇത്രയും കാലം രാജ്യത്ത് ജനാധിപത്യം മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ കൃത്യതയോടെ തെരഞ്ഞെടുപ്പുകള്‍ നടത്തിയത് കൊണ്ടാണ്.

അവരെ വിമര്‍ശിച്ചത് കൊണ്ട് കാര്യമില്ല. ഏറ്റവും മാതൃകാപരമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നുണ്ട്.

കോൺഗ്രസ്, തൃണമൂൽ, ബിഎസ്പി, എസ്പി, സിപിഎം നേതാക്കൾ ചന്ദ്രബാബു നായിഡുവിനൊപ്പം ഉണ്ടാകും.  എക്സിറ്റ് പോളുകൾ എൻഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. 50 ശതമാനം വിവിപാറ്റുകൾ എണ്ണണം എന്ന ആവശ്യവും സംഘം ഉന്നയിക്കും.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകൾ എണ്ണണം എന്നായിരുന്നു കോടതി ഉത്തരവ്. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികളിലേക്ക് പോകണോ എന്നത് സംബന്ധിച്ച ആലോചനകളും പ്രതിപക്ഷ നേതാക്കൾക്കിടയിൽ നടക്കുന്നുണ്ട്.

ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖര്‍ജി രംഗത്ത് വന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios