മാലയിടാൻ കാത്തിരുന്ന പൊക്കം കുറഞ്ഞ പാർട്ടി പ്രവർത്തകനെ അടുത്തേക്ക് വിളിച്ച് വരുത്തി പ്രിയങ്ക ഗാന്ധി
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ റാലികളിൽ സജീവമാണ് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മറ്റ് നേതാക്കളിൽനിന്നും വ്യത്യസ്തയാകുകയാണ് പ്രിയങ്ക. കഴിഞ്ഞ ദിവസം ഗാസിയാബാദിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡോളി ശർമ്മയുടെ റോഡ്ഷോയിൽ പങ്കെടുത്ത് കൊണ്ടിരിക്കെ പ്രിയങ്ക ഗാന്ധിയുടെ പാർട്ടി പ്രവർത്തകനോടുള്ള പെരുമാറ്റം ഏവരുടേയും കരളലിയിച്ചു.
ഗാസിയാബാദിലെ റാലിയിൽ വലിയ ജനകൂട്ടമാണ് പ്രിയങ്കയെ കാണാൻ എത്തിയത്. വാഹനത്തിന് മുകളിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് പോകവെയാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും തനിക്ക് പൂമാല ചാർത്താൻ കാത്തുനിന്ന പാർട്ടി പ്രവർത്തകനെ പ്രിയങ്ക കാണുന്നത്. ഉടൻ അയാളെ അടുത്ത് വിളിപ്പിക്കുകയും മാല ചാർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പൊക്കം കുറവായിരുന്നതിനാൽ ആളുകൾ എടുത്ത് പൊക്കിയാണ് അയാളെ പ്രിയങ്കയുടെ അടുത്തെത്തിച്ചത്.
പ്രിയങ്കയുടെ അടുത്തെത്തിയ അയാൾ മാല ചാർത്തുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്താണ് മടങ്ങിയത്.ആൾക്കൂട്ടത്തിൽനിന്ന് തനിക്ക് മാല ചാർത്താൻ ആഗ്രഹം പ്രകടിപ്പിച്ച പാർട്ടി പ്രവർത്തകനെ അടുത്ത് വിളിപ്പിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. മാല ചാർത്തി മടങ്ങുമ്പോൾ അയേളോട് പേര് ചോദിക്കാനും പ്രിയങ്ക മറന്നില്ല. ഇതിന്റെ വീഡിയോ ട്വിറ്ററിലൂടെ കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്.
