റോഡ് ഷോയ്ക്കിടെ കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി അതില്‍ സെല്‍ഫിയെടുത്ത് നല്‍കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവ കോണ്‍ഗ്രസ് നേതാവ് ഡോളി ശര്‍മയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ താരമായി പ്രിയങ്ക ഗാന്ധി. റോഡ് ഷോയ്ക്കിടെ കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി അതില്‍ സെല്‍ഫിയെടുത്ത് നല്‍കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

മോദിക്കെതിരെ ആഞ്ഞടിച്ചും ബിജെപി നിലപാടുകളെ നിശിതമായി വിമര്‍ശിച്ചുമാണ് പ്രിയങ്കയുടെ പ്രസംഗങ്ങള്‍. ജനങ്ങളോട് സംസാരിക്കാൻ മോദിക്ക് അഞ്ച് മിനിറ്റ് പോലും നേരമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദിയുടെ ഭരണം എല്ലാ വിഭാഗങ്ങളെയും തകർത്തുവെന്ന് പ്രിയങ്ക ആരോപിച്ചു. വാരാണസിയിലെ ജനങ്ങളെ മോദി അവഗണിച്ചു . അഞ്ച് കൊല്ലത്തിനിടെ വാരാണസിയിലെ ഏതെങ്കിലും പാവപ്പെട്ടവനെ മോദി കണ്ടിട്ടുണ്ടോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. 

വൻകിടക്കാർക്കാണ് മോദി പണം നൽകുന്നത്, കോൺഗ്രസിന്‍റെ പ്രകടന പത്രിക പാവങ്ങൾക്കുള്ളതെന്നും പ്രിയങ്ക ഉറപ്പുനല്‍കുന്നു. നെഹ്‌റു എന്തു ചെയ്തു, ഇന്ദിരാ ഗാന്ധി എന്തു ചെയ്തു എന്ന് അന്വേഷിക്കാതെ അഞ്ചു കൊല്ലം എന്തു ചെയ്തു എന്ന് മോദി പറയട്ടെയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.