പ്രയാഗ്‌ രാജില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലായിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രാജീവ്‌ ശുക്‌ള ഇക്കാര്യം അറിയുകയും പ്രിയങ്കാ ഗാന്ധിയോട്‌ സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.

ദില്ലി: ഗുരുതരാവസ്ഥയിലായ രണ്ടര വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തരസഹായവുമായി കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്ന്‌ ദില്ലിയിലെത്തിക്കാന്‍ സ്വകാര്യവിമാനം ഏര്‍പ്പെടുത്തിയാണ്‌ പ്രിയങ്ക കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്‌.

ട്യൂമര്‍ ബാധിച്ച്‌ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌ രാജിലുള്ള കമലാ നെഹ്‌റു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടരവയസ്സുള്ള പെണ്‍കുട്ടി. വെള്ളിയാഴ്‌ച്ചയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. വിദഗ്‌ധ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രയാഗ്‌ രാജില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലായിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രാജീവ്‌ ശുക്‌ള ഇക്കാര്യം അറിയുകയും പ്രിയങ്കാ ഗാന്ധിയോട്‌ സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പ്രിയങ്ക ഒരു സ്വകാര്യ വിമാനം ഏര്‍പ്പാടാക്കി പെണ്‍കുട്ടിയെയും കുടുംബത്തെയും ദില്ലിയിലെ എയിംസ്‌ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ഉറപ്പാക്കി.