ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ മമത ബാനര്‍ജിയുടെ മുഖം പതിച്ച് പ്രചരിപ്പിച്ചതിനാണ് ബിജെപി പ്രവര്‍ത്തകയായ പ്രിയങ്ക ശര്‍മ്മയെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകയെ വിട്ടയച്ചു. പ്രിയങ്ക ശര്‍മയെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിഅലക്ഷ്യ നടപടി എടുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ചിത്രം പ്രചരിപ്പിച്ചതിന് മമതയോട് മാപ്പു പറയില്ലെന്നും ജയിലിൽ ജീവനക്കാര്‍ തന്നെ ഉപദ്രവിച്ചെന്നും പ്രിയങ്ക ശര്‍മ പറഞ്ഞു. 

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ മമത ബാനര്‍ജിയുടെ മുഖം പതിച്ച് പ്രചരിപ്പിച്ചതിനാണ് ബിജെപി പ്രവര്‍ത്തകയായ പ്രിയങ്ക ശര്‍മ്മയെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇന്നലെ പ്രിയങ്ക ശര്‍മ്മക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി, മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മാപ്പ് പറയാൻ നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും ബിജെപി പ്രവര്‍ത്തകയെ വിട്ടയക്കാൻ ബംഗാൾ സര്‍ക്കാര്‍ തയ്യാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. 

എന്നാല്‍ യുവതിയുടെ അറസ്റ്റ് അനാവശ്യമായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ രാവിലെ ഒമ്പതരയ്ക്ക് തന്നെ പ്രിയങ്ക ശര്‍മ്മയെ ജാമ്യത്തിൽ വിട്ടുവെന്ന് ബംഗാൾ സര്‍ക്കാര്‍ വ്യക്തമാക്കി. മമത ബാനര്‍ജിയോട് മാപ്പുപറയുന്നതായുള്ള കത്ത് തന്നോട് പൊലീസ് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയെന്ന് ബിജെപി പ്രവര്‍ത്തക കോടതിയെ അറിയിച്ചു. അതേ സമയം മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് തെറ്റല്ലെന്നാണ് പ്രിയങ്ക ശര്‍മയുടെ നിലപാട്. മമതയോടെ മാപ്പു പറയാൻ തന്നെ ജയിലിൽ നിര്‍ബന്ധിച്ചുവെന്നും കുടുംബത്തോട് സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു. പരുഷമായാണ് ജയിൽ അധികൃതര്‍ തന്നോട് പെരുമാറിയതെന്നും പ്രിയങ്ക ശര്‍മ പരാതിപ്പെട്ടു.