മുത്തശ്ശി ഇന്ദിരാ ഗാന്ധി ജനിച്ച പ്രയാഗ് രാജിലെ വീട്ടിലായിരിക്കും പ്രിയങ്കയുടെ താമസം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജനിച്ച സ്വരാജ് ഭവനിലെ മുറിയുടെ ചിത്രവും പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി. പ്രയാഗ് രാജിൽ നിന്ന് വരാണസിയിലേക്ക് ഗംഗാനദിയിലൂടെ ബോട്ടിൽ സഞ്ചരിക്കാനാണ് തീരുമാനം. മുത്തശ്ശി ഇന്ദിരാ ഗാന്ധി ജനിച്ച പ്രയാഗ് രാജിലെ വീട്ടിലായിരിക്കും പ്രിയങ്കയുടെ താമസം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജനിച്ച സ്വരാജ് ഭവനിലെ മുറിയുടെ ചിത്രവും പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.
''സ്വരാജ് ഭവൻ എന്ന വീട്ടിലിരിക്കുമ്പോൾ എന്റെ ദാദി ജനിച്ച മുറി എനിക്ക് കാണാം. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ദാദി എനിക്ക് ജോവാൻ ഓഫ് ആർക്കിന്റെ കഥ പറഞ്ഞു തരുമായിരുന്നു.. ദാദിയുടെ ശബ്ദം ഇന്നും എന്റെ ഹൃദയത്തിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. എല്ലാ ദിവസവും എന്നോട് പറയാറുണ്ടായിരുന്നു, ഭയരഹിതയായിരിക്കുക, എല്ലാക്കാര്യങ്ങളും ശരിയായി വരും.'' പ്രിയങ്ക ഗാന്ധി ചിത്രത്തിനൊപ്പം പങ്ക് വച്ച കുറിപ്പിൽ പറയുന്നു. 1917 നവംബർ 19 നാണ് ഇന്ദിരാഗാന്ധി ജനിച്ചത്. ജവഹർലാൽ നെഹ്റുവിനൊപ്പവും മഹാത്മാഗാന്ധിക്കൊപ്പവും ഇന്ദിര നിൽക്കുന്ന ഫോട്ടോയും ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
