ബിജെപിയിലേക്ക് പോകുമോ എന്ന  ആവ‍ർത്തിച്ചുള്ള ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകിയില്ല. പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു

ദില്ലി: എറണാകുളം ലോക്സഭാ മണ്ഡലത്തെ ദീർഘകാലമായി പാർലമെന്‍റിൽ പ്രതിനിധീകരിച്ച കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാർത്ഥത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്‍റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്‍റെ വൈകാരികമായ ചോദ്യം.

Add Asianetnews as a Preferred SourcegooglePreferred

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാൻ തയ്യാറായില്ല. ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവർത്തിച്ചു.

പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താൻ രാഷ്ട്രീയത്തിൽ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു മറുപടി. 

ദീർഘകാലം കോൺഗ്രസ് ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്‍റെ പിടി അയയുന്നത് രാഹുൽ ഗാന്ധി പ്രസിഡന്‍റായതിന് ശേഷമാണ്. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനം രാഹുൽ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി. 

ഇതിനിടെ കേരളാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ കൊച്ചിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി മികച്ച മാനേജ്മെന്‍റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്ത്തിയത് വിവാദമായിരുന്നു. അതിന് ശേഷം കെ വി തോമസ് രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നിഷേധത്തിന് ശേഷം കെവി തോമസ് ബിജെപി പ്രവേശന സാധ്യത തള്ളാത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.