ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകൾ സ്ഥിരീകരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് സാധിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സംബന്ധിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. പക്ഷെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വോട്ടിങ് മെഷീനുകൾ തിരിമറി നടത്താൻ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോകൾ പ്രചരിക്കുകയാണ്.

കിഴക്കൻ യുപിയിലെ ഗാസിപുർ മണ്ഡലത്തിൽ ബിഎസ്‌പി സ്ഥാനാർത്ഥി ഇന്നലെ രാത്രി വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച റൂമിന് പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന വോട്ടിങ് മെഷീനുകൾ മുഴുവൻ ലോറിയിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്നാണ് ബിഎസ്‌പി സ്ഥാനാർത്ഥി അഫ്‌സൽ അൻസാരി ആരോപിച്ചിരിക്കുന്നത്.

ചാന്ദുലി പാർലമെന്റ് സീറ്റിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ വോട്ടിങ് മെഷീനുകൾ ഇറക്കുന്നതും ഇവ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതും കാണാം. ഇത് റിസർവ് വോട്ടിങ് മെഷീനുകളാണെന്നും ഇവ ചില സാങ്കേതിക തകരാറുകൾ മൂലം വരാൻ വൈകിയതാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

കിഴക്കൻ യുപിയിലെ ദമരിയാഗഞ്ച് സീറ്റിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് പുറത്ത് നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച എസ്‌പി-ബിഎസ്‌പി പ്രവർത്തകർ വോട്ടിങ് മെഷീനുകൾ നിറച്ച മിനി ട്രക്ക് പിടികൂടിയിരുന്നു. ഇത് ആറാം ഘട്ട വോട്ടെടുപ്പിന് വേണ്ടി അധികമായി അനുവദിച്ച വോട്ടിങ് മെഷീനുകളാണെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലേക്ക് അയക്കാനുള്ളതായിരുന്നു ഇവയെന്നും വിശദീകരണത്തിൽ പറയുന്നു.

സമാനമായ ആരോപണങ്ങൾ ഝാൻസി, മൗ, മിർസാപുർ മണ്ഡലങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും പലയിടത്തും തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ പരാതികൾ എത്തിയിട്ടുണ്ട്. ബീഹാറിലെ മഹാരാജ്‌ഗഞ്ച്, സരൻ പാർലമെന്റ് മണ്ഡലങ്ങളിൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദൾ വോട്ടിങ് മെഷീനുകൾ മാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയർത്തിയിട്ടുണ്ട്.