'എനിക്ക് ചെറിയ ഹെലികോപ്റ്ററാണ്.. ചെറിയ യാത്ര പോകുന്ന എന്‍റെ ഈ അനിയത്തിക്ക് വലിയ ഹെലികോപ്റ്ററും. എന്നാലും എനിക്കവളെ ഇഷ്ടമാണ്. ഉമ്മ' - പ്രിയങ്കയെ ചേർത്തു പിടിച്ച് രാഹുൽ പറഞ്ഞതെന്ത്? വീഡിയോ.
കാൻപൂർ: അവരുടെ കുട്ടിക്കാലം മുതൽ ആ ദൃശ്യങ്ങൾ ഇന്ത്യക്കാർ കാണുന്നതാണ്. സോണിയാഗാന്ധിയുടെ മടിയിൽ ഇരിക്കുന്ന പ്രിയങ്കയും ഇന്ദിരാഗാന്ധിക്കൊപ്പം ഇരിക്കുന്ന രാഹുലും. ഇന്ദിരാഗാന്ധിക്കൊപ്പം കളിക്കുന്ന രാഹുലും പ്രിയങ്കയും. ഒടുവിൽ ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും അവസാന ചടങ്ങുകളിലും തോളോട് തോൾ ചേർന്ന് ഇരുന്ന രാഹുലും പ്രിയങ്കയും.




ഒടുവിൽ കോൺഗ്രസിന്‍റെയും ഇന്ത്യയുടെയും ജനാധിപത്യത്തിൽ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പുകളിലൊന്നിൽ രാഹുൽ മറ്റൊന്നും നോക്കാതെ ഒപ്പം നിർത്തിയതും പ്രിയങ്കാഗാന്ധിയെയാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ പ്രസംഗത്തിൽപ്പോലും പ്രിയങ്ക തികഞ്ഞ രാഷ്ട്രീയപ്രസംഗമല്ല നടത്തിയതെന്നത് ശ്രദ്ധേയമാണ്.
"രാഹുൽ പ്രിയപ്പെട്ട സഹോദരനാണ്. എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത ആ സഹോദരൻ എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലും ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും എന്‍റെ കൈ പിടിച്ച് നിന്നവനാണ്. കുട്ടിക്കാലം മുതൽ ഞങ്ങൾ കണ്ടതെല്ലാം തീവ്രമായ അനുഭവങ്ങളാണ്. ഞങ്ങൾക്കിരുവര്‍ക്കും അമ്മ തന്നെയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ രാഹുലിന് 14 വയസ്സാണ്. നാലു പേരുള്ള ഒരു ചെറു കുടുംബത്തിന് എല്ലാം അതിജീവിക്കാനായത് ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധമാണ്" ... പ്രസംഗത്തിൽ പ്രിയങ്ക ഓര്‍മ്മിച്ചെടുത്തു.
''രാഹുൽ നല്ലപോലെ ഫുട്ബോൾ കളിക്കും. വിമാനം പറത്തും, ഡൈവിംഗ് അറിയാം. കരാട്ടെ ബ്ലാക്ക് ബെൽറ്റുമാണ്. ഇതിനെല്ലാം അപ്പുറം മതഗ്രന്ഥങ്ങൾ ആഴത്തിൽ പഠിച്ച വ്യക്തിയാണ് രാഹുലെന്നും പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടു. വേദങ്ങളും ഉപനിഷത്തുക്കളും രാഹുലിന് ആഴത്തിലറിയാം'', ഹിന്ദുത്വത്തിന്‍റെ സംരക്ഷകൾ എന്ന് പറഞ്ഞു നടക്കുന്നവര്‍ രാഹുലിന്‍റെ അത്ര ആഴത്തിൽ കാര്യങ്ങൾ ഗ്രഹിച്ചവരല്ലെന്നും വയനാട്ടിൽ അന്ന് പ്രിയങ്ക പറഞ്ഞിരുന്നു.
ഇരുവരും തമ്മിലുള്ള രസകരമായ ഒരു സംഭാഷണത്തിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. കാൻപൂർ വിമാനത്താവളത്തിൽ നിന്ന് പകർത്തിയ ഒരു മൊബൈൽ വീഡിയോയിൽ രണ്ടിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് പോവുകയാണ് പ്രിയങ്കയും രാഹുലും. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ചിരിച്ചു കൊണ്ട്, പ്രിയങ്കയെ ചേർത്ത് പിടിച്ച് രാഹുൽ പറയുന്നു. ''നല്ല സഹോദരനാവുക എന്നാലെന്താണർത്ഥം എന്നറിയാമോ? ഞാൻ പറയാം. ഞാനിങ്ങനെ ദൂരേക്കുള്ള യാത്രയ്ക്ക് പോവുകയാണ്. അവിടേക്ക് പോകാൻ എനിക്ക് കിട്ടിയതോ, ഇത്രേം പോന്ന ഒരു കുഞ്ഞു ഹെലികോപ്റ്റർ. എന്‍റെ അനിയത്തി ആകെ ഇത്തിരി ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവൾക്ക് ഇതാ ഇത്രേം വലിയ ഹെലികോപ്റ്റർ. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്'', സഹോദരിക്ക് ഒരുമ്മ കൂടി കൊടുത്ത് രാഹുൽ നടന്ന് പോകുന്നു.
''നുണ നുണ ..'' എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പ്രിയങ്ക മറുപടി പറയുന്നതും കാണാം. കാൻപൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിലാരോ പകർത്തിയ ഈ വീഡിയോ ഇതിനകം പതിനായിരക്കണക്കിന് പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
