Asianet News MalayalamAsianet News Malayalam

'രാഹുൽ ... വരുമോ വയനാട്ടിലേക്ക്?', മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുലിന്‍റെ മറുപടി ചിരി - വീഡിയോ

നിർണായക തെരഞ്ഞെടുപ്പ്, പ്രവർത്തക സമിതി യോഗങ്ങൾക്ക് മുമ്പാണ് രാഹുലിനോട് മാധ്യമപ്രവർത്തകർ ഈ ചോദ്യം ചോദിച്ചത്. അനുകൂല തീരുമാനം വരുമെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. 

rahul didnt respond over the candidature
Author
Thiruvananthapuram, First Published Mar 25, 2019, 12:21 PM IST

ദില്ലി: ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തുകയാണെങ്കിൽ അത് മറ്റൊരു ചരിത്രമാകുമെന്ന് ഉറപ്പാണ്. നിർണായക തെരഞ്ഞെടുപ്പിൽ രാഹുൽ ആർക്കെതിരെ മത്സരിക്കണമെന്ന ചോദ്യങ്ങളും ഉയരുമ്പോൾ, നിർണായക കോൺഗ്രസ് പ്രവർത്തക സമിതി യോഗങ്ങൾ തുടരുകയാണ്. 

രാവിലെ രാഹുൽ ഗാന്ധി വരുന്നതിനായി കാത്തിരിക്കുകയായിരുന്നു മാധ്യമപ്രവർത്തകരെല്ലാം. കൃത്യം 11 മണിക്ക് തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ കെ സി വേണുഗോപാൽ അടക്കമുള്ളവർക്കൊപ്പം രാഹുലെത്തി. ഹൃദ്യമായ ചിരിയോടെ എല്ലാ മാധ്യമപ്രവർത്തകരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് മാധ്യമപ്രവർത്തകരുടെ നിരയിൽ നിന്ന് ഉറക്കെ ആ ചോദ്യമുയർന്നത്. ''രാഹുൽ, മത്സരിക്കുമോ? വയനാട്ടിലേക്ക് വരുമോ?'' സാധാരണ ചോദ്യങ്ങളോടൊക്കെ മറുപടി പറയാറുള്ള രാഹുൽ ഇത്തവണ ഒരക്ഷരം മിണ്ടിയില്ല. ചിരിയോടെ അകത്തേക്ക്. 

അതേസമയം, രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. രാഹുൽ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം  ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതിൽ പൂര്‍ണ്ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയും പിൻമാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തന്നെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെര‍ഞ്ഞെടുപ്പ് സമിതി യോഗത്തിൽ രണ്ട് കാര്യങ്ങൾക്കാണ് വ്യക്തത വരേണ്ടത്. ഒന്ന് രാഹുൽ അമേഠിയെക്കൂടാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമോ? മത്സരിക്കുമെങ്കിൽ അത് വയനാടാകുമോ? 

രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തയിൽ ഉടനെ പ്രതികരിക്കാതിരുന്ന ബിജെപി ദേശീയനേതൃത്വം പിന്നീട് ശക്തമായി ആഞ്ഞടിച്ചു. അമേഠിയിൽ എതിരാളിയായ സ്മൃതി ഇറാനിയെ രാഹുൽ ഭയന്നോടി എന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാൽ രാഹുൽ മത്സരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഹൈക്കമാന്‍റിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തമിഴ്‍നാട്, കർണാടക പിസിസികൾ രാഹുൽ അവരവരുടെ സംസ്ഥാനങ്ങളിൽ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കെപിസിസി വയനാട് സീറ്റിൽത്തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. 'അമേഠിയാണ് രാഹുലിന്‍റെ കർമഭൂമി. കെപിസിസിയുടെ ആവശ്യവും രാഹുൽ പരിഗണിക്കും.', എന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചത്. ഇതിന് മുമ്പും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള നേതാക്കൾ ഈ ആവശ്യം രാഹുലിന് മുന്നിൽ വച്ചിരുന്നു. തമാശയെന്ന നിലയിലാണ് ആദ്യം ഈ ആവശ്യം പറഞ്ഞതെങ്കിലും അന്ന് ഗൗരവത്തോടെയാണ് രാഹുൽ മറുപടി പറഞ്ഞത്. 'പ്രധാനപ്പെട്ട സീറ്റാണ് വയനാട് എന്നറിയാമെന്നും, എന്നാലിപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഫോക്കസ് മാറ്റാനാകില്ലെന്നു'മായിരുന്നു രാഹുലിന്‍റെ പ്രതികരണം. 

അതേസമയം, രാഹുൽ മത്സരിക്കാൻ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും ബി കെ ഹരിപ്രസാദ് ബംഗളുരു സൗത്തിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും. ഇതോടെ തെക്കേ ഇന്ത്യയിൽ രാഹുൽ മത്സരിക്കുന്നുണ്ടെങ്കിൽത്തന്നെ സാധ്യതയുള്ള ഏക മണ്ഡലമായി വയനാട് മാറുകയാണ്.

ഇതിനിടെയാണ് ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ മത്സരിച്ച് ബിജെപിക്കെതിരായ പോരാട്ടം ദുർബലപ്പെടുത്താൻ പാടില്ലെന്നാണ് ഇവരുടെ നിലപാട്. രാഹുൽ കേരളത്തിൽ മത്സരിക്കുമെന്നത് ടിവി ചാനലുകൾ കണ്ട് മാത്രമാണ് അറിഞ്ഞതെന്നാണ് എഐസിസി പ്രവർത്തകസമിതി അംഗം പി സി ചാക്കോ പറയുന്നത്. രാഹുൽ സമ്മതം മൂളിയെന്ന പ്രചരണം ശരിയല്ലെന്നും പിസി ചാക്കോ പറയുന്നു.

എന്നാൽ മുമ്പ് ആത്മവിശ്വാസത്തോടെ രാഹുൽ വരുമെന്ന് പറഞ്ഞ പി സി വിഷ്ണുനാഥ് ഉൾപ്പടെയുള്ള നേതാക്കൾ എല്ലാം സിഇസി തീരുമാനിക്കുമെന്നാണ് ഇപ്പോൾ പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പിൽ എല്ലാ തീരുമാനങ്ങളും പെട്ടെന്നാകുമെന്നും രാഹുൽ കേരളത്തിൽ വരുന്നത് കേരളത്തിൽ വലിയ തരംഗമുണ്ടാക്കുമെന്നതിൽ തർക്കമില്ലെന്നുമാണ് വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറിൽ' പ്രതികരിച്ചത്. എന്തായാലും കേരളത്തിൽ നാമനിർദ്ദേശപത്രിക നല്കാനുള്ള സമയം ബുധനാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ തീരുമാനം ഉടനുണ്ടാകും.

Follow Us:
Download App:
  • android
  • ios