തിരുവനന്തപുരം: വയനാട് സീറ്റിൽ രാഹുൽ ​ഗാന്ധി മത്സരിക്കുമെന്ന വാർത്ത പുറത്തു വന്നതോടെ കേരള രാഷ്ട്രീയം അക്ഷരാർത്ഥത്തിൽ ഇളകിമറിയുന്ന കാഴ്ച്ചയാണ് ഇക്കാര്യം കണ്ടത്. ദേശീയ നേതാവ് കേരളത്തിൽ മത്സരിക്കാൻ എത്തുമെന്ന വാർത്ത സത്യമാണെന്ന് സ്വയം ബോധ്യപ്പെടാൻ തന്നെ യുഡിഎഫ് പ്രവർത്തകർക്ക് സമയം വേണ്ടി വന്നു. 

രാഹുല്‍ ഗാന്ധിയുടെ വരവ് വയനാടിന്റെ മാത്രമല്ല കേരളത്തിന്റെയാകെ തെരഞ്ഞെടുപ്പ് രംഗത്ത് വലിയ പ്രതിഫലനമുണ്ടാക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുബാങ്കുകളില്‍ പോലും അത് ചോര്‍‍ച്ചയുണ്ടാക്കിയേക്കാം. രാഹുല്‍ ഗാന്ധിയുടെ വരവോടെ ആദ്യമുണ്ടാകുന്നത് കോണ്‍ഗ്രസിലെ ആഭ്യന്തരകലാപം തല്‍ക്കാലത്തേക്കെങ്കിലും ശമിക്കുമെന്ന മാറ്റമാണ്. 

വയനാടിന്റെ പേരില്‍ കൊമ്പുകോര്‍ത്ത എയും ഐയും രാഹുലിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് ഹൈക്കമാന്റിനെ പ്രീതി നേടാനുള്ള നെട്ടോട്ടത്തിലാകും കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും. വയനാട്ടില്‍ മാത്രമല്ല മറ്റ് 19 മണ്ഡലങ്ങളിലും യുപിഎ സര്‍ക്കാര്‍ വരണമെന്ന മുദ്രാവാക്യത്തിന് ശക്തി കൂടൂം. മോദിയെ വീണ്ടും പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന പല വോട്ടര്‍മാരും കൈയകലത്തിലൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടെന്ന് കണ്ടാല്‍ നിലപാട് മാറ്റിയേക്കും.

ഇടത് പക്ഷം നേടാമെന്ന് കരുതുന്ന  കണ്ണൂരും വടകരയും കോഴിക്കോടും പാലക്കാടുമടക്കമുള്ള മണ്ഡലങ്ങളില്‍ രാഹുല്‍ ഇഫക്ട് പ്രതിഫലിക്കും. രാഹുല്‍ ബിജെപി പാളയത്തില്‍ കടന്നുകയറുമെന്ന് കണക്കുകൂട്ടിയ ഇടതുപക്ഷത്തിന് സ്വന്തം തട്ടകം നഷ്ടപ്പെടുമോയെന്ന ആശങ്കയാവും ഇനിയുണ്ടാവുക. 

വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്നാട് കര്‍ണ്ണാടക മണ്ഡലങ്ങളിലും രാഹുലിന്റെ വരവ് ആവേശം പകരും‌. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ കൂടുന്നുവെന്ന സന്ദേശം വ്യക്തമാകും. പതിവ് തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി പ്രചാരണകാലത്ത് കൂടുതല്‍ സമയം ഇത്തവണ രാഹുല്‍ കേരളത്തിലുണ്ടാകും. അത് വയനാട്ടില്‍ മാത്രമല്ല മറ്റു  മണ്ഡലങ്ങളിലും  യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക‍് നേട്ടമുണ്ടാക്കും. രാഹുൽ എത്തുന്നതോടെ ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ വയനാടെന്ന മണ്ഡലത്തെ ചുറ്റിപ്പറ്റിയാകും. കോണ്‍ഗ്രസിന്റെയും യുപിഎയുടെയും  ദേശീയ നേതാക്കളും വയനാട്ടില്‍ തമ്പടിക്കും.

കേരളത്തില്‍ നേട്ടമുണ്ടാക്കുനുള്ള ബി.ജെ.പിയുടെ നീക്കത്തിന്  വലിയൊരു തിരിച്ചടിയാകും രാഹുല്‍ ഗാന്ധിയുടെ വരവ്. മോദിയുടെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി രണ്ടാമൂഴത്തിന് ശ്രമിക്കുന്ന ബി.ജെ.പിക്ക് പുതുവോട്ടര്‍മാരെയും  കോണ്‍ഗ്രസില്‍ നിന്ന്  സമീപകാലത്ത് ചോര്‍ന്ന് കിട്ടിയ വോട്ടര്‍മാരെയും  നഷ്ടപ്പെട്ടേക്കും. ശബരിമലപ്രശ്നത്തില്‍ ആദ്യം രാഹുല്‍ സ്വീകരിച്ച സമീപനം ബിജെപി ആയുധമാക്കുമ്പോള്‍ ഇടത് പക്ഷത്തിന് നിശ്ശബ്ദത പാലിക്കേണ്ടി വരും. സര്‍വ്വോപരി ബിജെപി ഇതര സര്‍ക്കാനായി പോരാടുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മിന് കുറഞ്ഞത് വയനാട്ടിലെങ്കിലും മൃദുസമീപനം സ്വീകരിക്കേണ്ടി വരും. ലേറ്റായി വന്ന രാഹുല്‍ ലേറ്റസ്റ്റാകുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെയൊക്കെ കണക്കുകൂട്ടലുകളും പ്രതീക്ഷകളും മാറിമറിയുമെന്നര്‍ത്ഥം.