ചന്ദ്രശേഖര റാവു എപ്പോഴെങ്കിലും റഫാൽ അഴിമതിയെക്കുറിച്ച് സംസാരിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? കാവൽക്കാരൻ കള്ളനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? രാഹുൽ ഗാന്ധി ചോദിച്ചു.
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ചന്ദ്രശേഖര റാവുവിനെയും ടിആർഎസിനെയും നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
മോദിയുടെ അഴിമതിയെക്കുറിച്ച് ചന്ദ്രശേഖര റാവു മിണ്ടുന്നില്ല. അദ്ദേഹം എപ്പോഴെങ്കലും റഫാൽ അഴിമതിയെക്കുറിച്ച് സംസാരിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? കാവൽക്കാരൻ കള്ളനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? ഇരുവരും തമ്മിലുള്ള അന്തർധാര സജീവമാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. മോദിക്കെതിരെയുളള റാവുവിന്‍റെ വിമർശനങ്ങൾ വെറും നാടകമാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സെഹീറാബാദിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നായിരുന്നു ചന്ദ്രശേഖര റാവുവിന്‍റെ കുറ്റപ്പെടുത്തൽ. തെലങ്കാനയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വികസനത്തെപ്പറ്റി ഒരു മുഖാമുഖം ചർച്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറാണോ എന്നും ചന്ദ്രശേഖര റാവു വെല്ലുവിളിച്ചിരുന്നു.
ബിജെപിക്കും കോൺഗ്രസിനും പകരം പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും ചന്ദ്രശേഖര റാവു പ്രവചിച്ചിരുന്നു. എന്നാൽ മോദിക്കെതിരായ റാവുവിന്‍റെ ഇത്തരം വിമർശനങ്ങൾ വെറും നാടകം മാത്രമാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം
