കൊല്ലം; കേരളത്തിൽ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മാവേലിക്കര മണ്ഡലത്തിൽ പെട്ട പത്തനാപുരത്ത് പൊതുയോഗത്തിലാണ് രാഹുൽ ഗാന്ധി ആദ്യം പങ്കെടുക്കുന്നത്. സെൻറ് സ്റ്റീഫൻസ് ഹയര്‍ സെക്കന്‍ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സമീപ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെല്ലാം പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം പൊതുപരിപാടിക്കെത്തിയിട്ടുണ്ട്. 

അംബേദ്കര്‍ കോളനിക്ക് സമീപത്തെ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്.  കോളനിവാസികളെ കണ്ട് രാഹുൽ ഗാന്ധി സംസാരിച്ചിരുന്നെങ്കിലും പൊതുപരിപാടിക്ക് സമയം വൈകിയതിനാൽ കോളനി സന്ദര്‍ശിക്കാനായില്ല. പൊതുസമ്മേളനം കഴിഞ്ഞ് മടങ്ങുന്ന രഹുൽ ഒരു പക്ഷെ കോളനി സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

 തെക്കൻ കേരളത്തിൽ നാല് പൊതുപരിപാടികളാണ് രാഹുലിന് ഉള്ളത്. അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുടെ വീട്ടിലും രാഹുൽ സന്ദര്‍ശിക്കുന്നുണ്ട്.  തുടര്‍ന്ന് വയനാടിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെ സന്ദർശനത്തിന് ശേഷം ബത്തേരി, തിരുവമ്പാടി, വണ്ടൂർ, തൃത്താല എന്നിവടങ്ങളിലെ പൊതു പരിപാടികളില്‍ പങ്കെടുക്കും. സിപിഎമ്മിനെതിരെ മിണ്ടില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുമോ, ശബരിമല വിഷയത്തില്‍ പ്രതികരിക്കുമോ എന്നെല്ലാം രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.