ദില്ലി: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും കോൺഗ്രസ് തരംഗമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിൽ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കർണാടക,കേരളം,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തും കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം കണക്കിലെടുത്തുമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതെന്നും എ കെ ആന്‍റണി പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെയും കോൺഗ്രസ് പ്രവർത്തകരുടെയും ഘടകകക്ഷിളുടെയും ആവശ്യം രാഹുൽ അംഗീകരിക്കുമെന്ന് ഉറപ്പായിരുന്നു.  റായ്ബറേലിയിൽ മത്സരിച്ചപ്പോഴും ദക്ഷിണേന്ത്യക്കായി കർണാടകയിലെ ബെല്ലാരിയിൽ കൂടി മത്സരിക്കാൻ തയ്യാറായ ആളാണ് സോണിയാ ഗാന്ധി. അതിനാൽ രാഹുൽ ഗാന്ധിയും പ്രവർത്തകരുടെ ആഗ്രഹത്തെ തള്ളിക്കളയില്ലെന്നുറപ്പായിരുന്നുവെന്നും എ കെ ആന്‍റണി ദില്ലിയിൽ പറഞ്ഞു. രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെതിരെയുള്ള ഇടതുപക്ഷത്തിന്‍റെ പ്രതിഷേധങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു എ കെ ആന്‍റണിയുടെ മറുപടി.