അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ആ തീരുമാനം വന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലം വയനാട് തന്നെ. 

ദില്ലി: വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം.അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.

 വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇതായിരുന്നു ഏകെ ആന്റണിയുടെ വാക്കുകൾ

വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന് കഴിഞ്ഞ ഒരാഴ്ടചയായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധി മനസു തുറന്നിരുന്നില്ല. രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. വയനാട് മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി നേരത്തെ നിശ്ചയിച്ചിരുന്ന ടി സിദ്ദിഖാകട്ടെ രാഹുൽ ഗാന്ധിയുടെ വരവ് സ്വാഗതം ചെയ്ത് പ്രചാരണ രംഗത്ത് നിന്നും പിൻമാറി. കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ദക്ഷിണേന്ത്യയിലാകെ അത് അനുകൂല തരംഗം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വവും ഘടകകക്ഷികളും കണക്ക് കൂട്ടുന്നത്. 

കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടുന്ന സാഹചര്യം രാഹുലിന്‍റെ വരവോടെ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. രാഹുൽ സ്ഥാനാര്‍ത്ഥിയാകാനെത്തുന്നു എന്ന വര്‍ത്തകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ വയനാട് മണ്ഡലവും ഇതിനകം തന്നെ ദേശീയ ശ്രദ്ധയിലേക്ക് എത്തിയിരുന്നു. 

രാഹുലിന്‍റെ തീരുമാനം വൈകുന്നത് വലിയ അനിശ്ചിതത്വമാണ് വയനാട്ടിലും കേരളത്തിലെ യുഡിഎഫ് ക്യാമ്പിൽ പൊതുവെയും ഉണ്ടാക്കിയിരുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രണ്ട് ദിവസത്തെ സാവകാശം മാത്രമെ ഇനി ഉള്ളു എന്നിരിക്കെ സ്ഥാനാര്‍ത്ഥി ആരെന്നറിയാത്ത വയനാട്ടിൽ തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനം പോലും നിര്‍ത്തി വച്ചിരുന്നു.