ഛണ്ഡീഗഡ്: ഹെലികോപ്റ്ററിനുണ്ടായ തകരാർ രാഹുൽ ഗാന്ധി പരിഹരിക്കുന്ന ചിത്രം ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ച ചെയ്ത ചിത്രമാണ്. ഇപ്പോഴിതാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ട്രാക്ടർ ഓടിക്കുന്ന ചിത്രവും വൈറലാവുകയാണ്. പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹം ട്രാക്ടറോടിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഇതിൽ നിന്ന് ഒരു ഇടവേളയെടുത്താണ് ട്രാക്ടർ ഓടിക്കാൻ പാടത്ത് ഇറങ്ങിയത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനെ അരികിലിരുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ ട്രാക്ടർ ഓടിക്കുന്ന വീഡിയോ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു.

മെയ് 19 നാണ് പഞ്ചാബിലെ 17 സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മോദി ഭരണത്തിനെ നിശിതമായി വിമർശിച്ചാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയിലും രാഹുൽ ഗാന്ധി പ്രസംഗിച്ചത്. നോട്ട് നിരോധനത്തെയും റാഫേൽ ഇടപാടിനെയും പരാമർശിച്ച അദ്ദേഹം പഞ്ചാബിലെ ഭരണനേട്ടങ്ങളും ജനങ്ങൾക്ക് മുന്നിൽ നിരത്തി.

"മൻമോഹൻജിയെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ നരേന്ദ്ര മോദി അത് ചെയ്യുന്നില്ല. രാജ്യത്തെ ജനങ്ങൾ ഇപ്പോൾ നരേന്ദ്രമോദിയെ കളിയാക്കുകയാണ്," എന്നും സമീപകാല സംഭവവികാസങ്ങളെ പരാമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.