ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി. രാഹുലിന്‍റെ തീരുമാനം മുതിർന്ന നേതാക്കൾ അംഗീകരിക്കാൻ തയ്യാറായില്ലെന്നാണ് സൂചന. എഐസിസി പ്രവ‍ർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.

രാഹുലിന്‍റെ രാജി തീരുമാനം എഐസിസി പ്രവർത്തക സമിതി പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയിലടക്കം കനത്ത പരാജയം കോൺഗ്രസ് ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്.

അതേസമയം രാഹുൽ രാജി വയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പാർട്ടി രംഗത്തു വന്നു. തോൽവിക്ക് ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചോ എന്ന ചോദ്യത്തിന് ഇത് താനും പ്രവർത്തക സമിതിയും തമ്മിൽ ചർച്ച ചെയ്യേണ്ടതല്ലേ എന്നാണ് രാഹുൽ തിരികെ ചോദിച്ചത്. രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ടുകൾക്ക് വ്യക്തമായ മറുപടി പറയാനോ, തള്ളാനോ രാഹുൽ തയ്യാറായതുമില്ല.

അടിസ്ഥാനരഹിതമായ വാർത്തയെന്നാണ് ഇതിനോട് എഐസിസി പ്രതികരിച്ചത്. രാജിസന്നദ്ധതയെക്കുറിച്ച് രാഹുൽ പറഞ്ഞ പ്രതികരണത്തിൽ നിന്ന് തന്നെ, വ്യക്തമാണെന്നും എഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

യുപിയിൽ ഒരൊറ്റ സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത മധ്യപ്രദേശും രാജസ്ഥാനും നിലനിർത്താനും കോൺഗ്രസിന് കഴിഞ്ഞില്ല. 

കഴിഞ്ഞ തവണത്തെ 44 സീറ്റുകളെന്ന ദയനീയ തോൽവിയിൽ നിന്ന് നില മെച്ചപ്പെടുത്തിയേക്കാമെങ്കിലും മോദിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരു വെല്ലുവിളിയാവാൻ പോലും രാഹുലിനായില്ല. 

അതേസമയം വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മികച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് രാഹുൽ നന്ദിയും പറഞ്ഞു. അമേഠിയിലെ തോൽവി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുൽ സ്നേഹത്തോടെ സ്മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന് ആശംസിക്കുന്നതായും പറഞ്ഞു.

''കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി. നരേന്ദ്രമോദി അധികാരത്തിൽ തുടരണമെന്ന് ജനങ്ങൾ തീരുമാനിച്ചു, അതിനെ ബഹുമാനിക്കുന്നു. ഇന്ന് തന്നെ ജനവിധിയെക്കുറിച്ച് വിശദമായി സംസാരിക്കാനാഗ്രഹിക്കുന്നില്ല. ഇത് ആശയങ്ങളുടെ പോരാട്ടമാണ്, 
പ്രവർത്തകർ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. ഭയപ്പെടരുത്, പോരാട്ടം അവസാനിക്കുന്നില്ല'', രാഹുൽ പറഞ്ഞു.