യുപിയിൽ ബിഎസ്പി-എസ്പി സഖ്യത്തിനെതിരെ, കേരളത്തിൽ ഇടതിനെതിരെ, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ, ആന്ധ്രപ്രദേശിൽ ടിഡിപിക്കെതിരെ, ദില്ലിയിൽ എഎപിക്കെതിരേയുമാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ അതിന് ഉത്തരവാദി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് ആംആദ്മി ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയോടും പ്രതിപക്ഷ പാർട്ടികളോടും പോരടിക്കുന്നമട്ടിലാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്ന് കെജ്രിവാൾ പറഞ്ഞു. ദേശീയ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്രിവാളിന്റെ തുറന്ന് പറച്ചിൽ.
യുപിയിൽ ബിഎസ്പി-എസ്പി സഖ്യത്തിനെതിരെ, കേരളത്തിൽ ഇടതിനെതിരെ, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ, ആന്ധ്രപ്രദേശിൽ ടിഡിപിക്കെതിരെ, ദില്ലിയിൽ എഎപിക്കെതിരേയുമാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. മോദി വീണ്ടും അധികാരത്തിൽ വരുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം രാഹുൽ ഗാന്ധിക്കാണെന്നും കെജ്രിവാൾ പറഞ്ഞു.
ദില്ലിയിൽ കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള ആംആദ്മിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഒരു തുറന്ന ത്രികോണ മത്സരത്തിന് വേദിയാകുകയാണ് ദില്ലി. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ വിമർശനങ്ങളുന്നയിച്ച് കെജ്രിവാൾ രംഗത്തെത്തിയത്. ദില്ലിയിൽ ഏഴ് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വെള്ളിയാഴ്ച സമാപിച്ചിരുന്നു. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.
