'കഴിഞ്ഞ അഞ്ചു വർഷം ആർക്കുവേണ്ടിയാണ് മോദി ഭരിച്ചതെന്ന് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. അനിൽ അംബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരെല്ലാം മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്'- റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.

കൃഷ്ണഗിരി: പതിനഞ്ച് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

'കഴിഞ്ഞ അഞ്ചു വർഷം ആർക്കുവേണ്ടിയാണ് മോദി ഭരിച്ചതെന്ന് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. അനിൽ അംബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരെല്ലാം മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്'- റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.

നീരവ് മോദിയേയും വിജയ് മല്ല്യയേയും പോലുള്ളവർ ബാങ്കിൽ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിടുകയാണെന്നും രാഹുല്‍ പറഞ്ഞു. ഒരാളെ പോലും ജയിലിലടക്കാന്‍ മോദിക്ക് സാധിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ബാങ്ക് വായ്പകൾ തിരിച്ചടക്കാത്തതിന്റെ പേരിൽ കര്‍ഷകരെ ജയിയിലിലേക്ക് അയക്കില്ല. പണക്കാരായ ആളുകൾ ജയിലിൽ പോകാതെ രക്ഷപ്പെടുമ്പോൾ അതേ കുറ്റം ചെയ്ത കര്‍ഷകർ ജയിലിൽ പോകേണ്ട സ്ഥിതിയാണെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദി 35,0000 കോടി നീരവ് മോദിയ്ക്കും 35,000 കോടി മെഹുല്‍ ചോക്‌സിക്കും 10,000 കോടി വിജയ് മല്യയ്ക്കും നല്‍കിയെന്നും രാഹുൽ ആരോപിച്ചു.