ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കൊണ്ട് വന്ന റഫാൽ ആരോപണം ഏറ്റെടുക്കാത്തതിലെ അതൃപ്തി പ്രവര്‍ത്തക സമിതിയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി. നിര്‍ണ്ണായകമായ പ്രചാരണ ഘട്ടത്തിലുടനീളം റഫാൽ അഴിമതി ആരോപണം ഉന്നയിച്ച തനിക്ക് മുതിര്‍ന്ന നേതാക്കളിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എത്ര പേര്‍ റഫാൽ ഏറ്റെടുത്തെന്ന ചോദ്യത്തിന് പ്രവര്‍ത്തക സമിതിയിൽ പങ്കെടുത്ത ചുരുക്കം ചില നേതാക്കൾ മാത്രമാണ് കൈ പൊക്കിയത്. അവരുടെ അവകാശവാദമാകട്ടെ രാഹുൽ തള്ളിക്കളയുകയും ചെയ്തു. 


മുതിര്‍ന്ന നേതാക്കൾ അവരവരുടെ കാര്യങ്ങൾ മാത്രമാണ് നടത്തിയതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സംസ്ഥാനങ്ങളിലെ സംഘടന സംവിധാനങ്ങളിൽ ഗുരുതര പാളിച്ചകളുണ്ടായി. ചെറിയ പ്രശ്നങ്ങൾ പോലും ഊതിപ്പെരുപ്പിച്ചു. പറഞ്ഞ് തീര്‍ക്കാമായിരുന്ന പ്രശ്നങ്ങൾ പോലും അനാവശ്യമായി തന്റെ മുന്നിലേക്ക് വലിച്ചിട്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.