അഞ്ചു കോടി കുടുംബങ്ങൾക്ക് 72,000 രൂപ വർഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്ഗ്രസ് പ്രഖ്യാപിച്ചതോടെ കാവൽക്കാരന്റെ മുഖംചുളിഞ്ഞു. എവിടെനിന്നാണ് പണംകണ്ടെത്തുന്നതെന്നായിരുന്നു അവരുടെ മറുചോദ്യം
ചിത്രദുർഗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ പ്രതിപക്ഷത്തിനു നേരെ നടത്തിയ ആക്രമണത്തിന് അവിടെനിന്നുതന്നെ മറുപടിയുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തി. കർണാടകയിലെ വരൾച്ചാബാധിത മേഖലയായ കോളാർ, ചിത്രദുർഗ മേഖലകളിൽ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു കോടി കുടുംബങ്ങൾക്ക് 72,000 രൂപ വർഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്ഗ്രസ് പ്രഖ്യാപിച്ചതോടെ കാവൽക്കാരന്റെ മുഖംചുളിഞ്ഞു. എവിടെനിന്നാണ് പണംകണ്ടെത്തുന്നതെന്നായിരുന്നു അവരുടെ മറുചോദ്യം. നിങ്ങളുടെ സുഹൃത്ത് അനിൽ അംബാനിയുടെ പോക്കറ്റിൽനിന്നു പണം വരുമെന്നാണ് മോദിയോടു എനിക്കു പറയാനുള്ളത്- രാഹുൽ പറഞ്ഞു.
അവർ കള്ളൻമാരുടെ കൂട്ടമാണ്. കർഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റിൽനിന്നു പണം കൈക്കലാക്കി അവർ നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്ല്യ, ലളിത് മോദി എന്നിങ്ങനെ 15 പേർക്കായി നൽകി. എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും- രാഹുൽ പറഞ്ഞു.
കാർഷിക ബജറ്റിലൂടെ കോണ്ഗ്രസ് കർഷകരുടെ ഹൃദയത്തിലെ ഭീതി നീക്കുമെന്നും കാർഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ലെന്നും രാഹുൽ പറഞ്ഞു. ഒരു വശത്ത് വെറുപ്പും വിദ്വേഷവും അനീതിയുമാണെന്നും ഇതിനെ സ്നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും നീതിയിലൂടെയുമാണ് കോണ്ഗ്രസ് നേരിടുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
