അമേഠിയിലും വയനാട്ടിലും ജയിച്ചാല്‍ രാഹുല്‍ ഏത് മണ്ഡലത്തെ ഒഴിവാക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസ് അധ്യക്ഷനെതിരെയുള്ള പ്രചാരണത്തിന് ആയുധമാക്കുന്നത്

വയനാട്: ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെ കേരളത്തിലെ വയനാട്ടിലും മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാജ്യത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജെപിക്കെതിരെയെന്ന് പറയുന്ന രാഹുല്‍ അവര്‍ക്ക് ഇതുവരെ ഒരു സീറ്റ് പോലും നേടാനാകാത്ത സംസ്ഥാനത്ത് വന്ന് മത്സരിക്കുന്നത് എന്തിനെന്ന വിമര്‍ശനമാണ് കൂടുതലും ഉയര്‍ന്നത്. അത് ഭയം മൂലമാണെന്നും പ്രചാരണം നടന്നു.

ദക്ഷിണേന്ത്യയില്‍ ആകെ തരംഗമുണ്ടാക്കാന്‍ രാഹുല്‍ വയനാട്ടില്‍ എത്തുന്നതോടെ സാധിക്കുമെന്ന മറുപടികളിലൂടെയാണ് അത്തരം വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. അമേഠിയിലും വയനാട്ടിലും ജയിച്ചാല്‍ രാഹുല്‍ ഏത് മണ്ഡലത്തെ ഒഴിവാക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസ് അധ്യക്ഷനെതിരെയുള്ള പ്രചാരണത്തിന് ആയുധമാക്കുന്നത്.

എന്നാല്‍, വയനാട്ടിലേക്ക് വെറുമൊരു വരവല്ല രാഹുലിന്‍റേതെന്നാണ് പ്രചാരണ രീതികള്‍ തെളിയിക്കുന്നത്. വയനാടിന് വേണ്ടി രാഹുല്‍ പുതിയ ട്വിറ്റര്‍ പേജ് ആരംഭിച്ചിരിക്കുകയാണ്. വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂതുതല്‍ പേരില്‍ എത്തിക്കുകയാണ് ലക്ഷ്യം. മലയാളത്തിലാണ് രാഹുല്‍ ഗാന്ധി- വയനാട് എന്ന പേജില്‍ വരുന്ന ട്വീറ്റുകള്‍.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ എം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ട്വീറ്റാണ് പുതിയ പേജില്‍ ആദ്യം വന്നത്. പിന്നീട് രാഹുലിന്‍റെ കേരള സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദാശംങ്ങളും നല്‍കിയിട്ടുണ്ട്. വയനാട് പാർലമെന്റ് നിയോജക മണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആണ് ഈ പേജ് കെെകാര്യം ചെയ്യുന്നത്. 

Scroll to load tweet…