1991 ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്‌മം തിരുനെല്ലി പാപനാശിനിയിൽ നിമജ്ജനം ചെയ്തിരുന്നു

കൽപ്പറ്റ: വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്ന് പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് - ലീഗ് നേതാക്കൾക്കുമൊപ്പം അദ്ദേഹം പത്രിക സമർപ്പിക്കാനെത്തും. അതേസമയം രാഹുൽ ഗാന്ധിയുടെ വിജയത്തിനായി കഠിന പരിശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.

നാടിനെ ഇളക്കിമറിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല, ക്ഷേത്രത്തിൽ പൂജയും വഴിപാടും വരെ കഴിക്കുന്നുണ്ട് പ്രവർത്തകർ. തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിലാണ് രാഹുൽ ഗാന്ധിയുടെ പേരിൽ പ്രത്യേക പൂജ നടത്തുന്നത്. ഇന്ന് ജില്ലയിലെത്തുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ പേരിൽ ഉദയാസ്‌തമന പൂജയാണ് നടത്തുന്നത്.

കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ശ്രീകാന്ത് പട്ടയനാണ് ഉദയാസ്‌തമന പൂജയ്ക്ക് തിരുനെല്ലി ദേവസ്വത്തിൽ ബുക്ക് ചെയ്തത്. 1991 ൽ കോൺഗ്രസ് നേതാക്കളായ കെ. കരുണാകരൻ, എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിൽ നിമജ്ജനം ചെയ്തിരുന്നു.