വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥനയും പോസ്റ്ററുകളും എത്താത്തത് പ്രചാരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വയനാട്: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും വയനാട് മണ്ഡലത്തില്‍ യുഡിഎഫിന്‍റെ പ്രചാരണ സാമഗ്രികള്‍ പലയിടത്തും എത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയും പോസ്റ്ററുകളും എത്താത്തത് പ്രചാരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും മികച്ച അടിത്തറയുളള പ്രദേശമാണ് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കമ്പളക്കാട്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയും പോസ്റ്ററുകളുമടക്കം പ്രചാരണ സാമഗ്രികള്‍ ഇവിടെ എത്തിയിട്ടില്ല. ഇവിടെ നിന്നും ഏഴ് കിലോമീറ്റര്‍ മാറിയുളള മുട്ടിലിലെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയ്ക്കായുളള കാത്തിരിപ്പിലാണ്. അഭ്യര്‍ത്ഥന കിട്ടിയാലേ ഭവന സന്ദര്‍ശനം നടത്താനാകൂ എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഏറെ അനിശ്ചിത്വത്തിനൊടുവില്‍ കഴിഞ്ഞ 31-ാം തീയതിയായിരുന്നു രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമന്ന പ്രഖ്യാപനം വന്നത്. അതിനുശേഷം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളിയുടെ പോസറ്ററുകള്‍ ഒട്ടുമിക്കയിടങ്ങളിലും എത്തി. രാഹുലിന്‍റെ ചിത്രവും അഭ്യര്‍ത്ഥനയുടെ വാചകങ്ങളും എഐസിസി അംഗീകരിക്കാന്‍ വൈകിയതായിരുന്നു ആദ്യ പ്രശ്നം. പിന്നീട് പോസ്റ്ററുകള്‍ എറണാകുളത്ത് പ്രിന്‍റ് ചെയ്തത് എത്തിക്കാനും സമയമെടുത്തു. നിലവില്‍ കോഴിക്കോട്ടാണ് രാഹുലിന്‍റെ പോസ്റ്ററുകളും അഭ്യര്‍ത്ഥനകളും പ്രിന്‍റ് ചെയ്യുന്നത്. എന്നാല്‍ നാളത്തോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റ പ്രതികരണം.