കൽപ്പറ്റ: രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതോടെ വയനാട്ടിലെ അടിസ്ഥാന ജനതയുടെ പ്രശ്നങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. ഭൂമി, വീട് തുടങ്ങിയ ആവശ്യങ്ങളുമായി കാത്തിരിപ്പ് തുടരുന്ന ആദിവാസി വിഭാഗങ്ങളില്‍ ചിലര്‍ക്കെങ്കിലും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷ പകരുന്നുണ്ട്.

കേരളത്തില്‍ ഏറ്റവുമധികം ആദിവാസികള്‍ ഉളള ലോക്സഭാ മണ്ഡലമാണ് വയനാട്. അതില്‍ തന്നെ നല്ലൊരു ശതമാനം വംശനാശഭീഷണി നേരിടുന്ന ഗോത്ര വിഭാഗങ്ങളാണ്. വയനാട്ടിലെ സാമുദായിക സമവാക്യങ്ങള്‍ ദേശീയ തലത്തില്‍ ഇഴകീറി ചര്‍ച്ച ചെയ്യുമ്പോള്‍ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് ഇവര്‍ക്ക് പറയാനുളളത്. 

1951 ലെ സെന്‍സസ് വരെ വയനാട്ടില്‍ ആദിവാസികളായിരുന്നു കൂടുതല്‍. എന്നാല്‍, ഇതരവിഭാഗങ്ങളുടെ കുടിയേറ്റവും പലവിധ രോഗങ്ങളും മൂലം കോളനികളിലേക്ക് ചുരുക്കപ്പെട്ട വയനാട്ടിലെ ആദിവസികള്‍ ഇന്ന് ജനസംഖ്യയുടെ 19 ശതമാനം മാത്രം. 

വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ നിലമ്പൂരിലെയും തിരുവമ്പാടിയിലെയും മലയോര മേഖലകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറെയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കോളനികള്‍ തേടിയെത്തുന്ന രാഷ്ട്രീയക്കാരില്‍ ഇവര്‍ക്ക് വിശ്വാസമില്ലെങ്കിലും രാഹുല്‍ ഗാന്ധി ചിലര്‍ക്കെങ്കിലും പ്രതീക്ഷ നല്‍കുന്നുണ്ട്.