1991-ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. ഈ ക്ഷേത്രം വീണ്ടും സന്ദര്‍ശിക്കാന്‍ രാഹുല്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. ഏറനാട്ടിലും നിലമ്പൂരിലും രാഹുല്‍ ഇത്തവണ പ്രചാരണം നടത്തുന്നുണ്ട്.
സുൽത്താൻ ബത്തേരി: വരുന്ന ബുധനാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയേക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനി സന്ദര്‍ശിക്കണമന്ന ആഗ്രഹം രാഹുല്‍ അറിയിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ വിലിരുത്തിയ ശേഷമാകും അന്തിമ തീരുമാനമടുക്കുക. 20ന് പ്രിയങ്കയും വയനാട്ടിലെത്തും.
വരുന്ന 16,17 തീയതികളില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തുന്ന രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ബത്തേരിയിലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. മാനന്തവാടിയിലും രാഹുല്‍ പ്രസംഗിക്കണമെന്ന ആവശ്യം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എഐസിസിക്ക് മുന്നില്‍ വച്ചിരുന്നെങ്കിലും നിലമ്പൂരിലും ഏറനാടുമടക്കം മറ്റ് മൂന്നിടങ്ങളിലും എത്തേണ്ടതിനാല്‍ വയനാട് ജില്ലയിലെ പൊതുയോഗം ബത്തേരിയില്‍ മാത്രമാക്കാനാണ് തീരുമാനം.
അതേസമയം, മാനന്തവാടി തിരുനെല്ലയിലെ ക്ഷത്രം സന്ദര്‍ശിക്കണമെന്ന് രാഹുലിന് താല്‍പര്യമുണ്ട്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. ഇക്കഴിഞ്ഞ നാലാം തീയതി നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനെത്തിയപ്പോള്‍ തിരുനെല്ലി സന്ദര്‍ശിക്കാനുളള താല്‍പര്യം രാഹുലും പ്രിയങ്കയും അറിയിക്കുകയും ചെയ്തിരുന്നു.
മാനന്തവാടി ടൗണില്‍ നിന്നും 32 കിലോമീറ്റര്‍ മാറിയുളള തിരുനെല്ലി ക്ഷേത്രത്തിലെത്താന്‍ 20 കിലോമീറ്ററിലേറെ വനത്തിലൂടെ സഞ്ചരിക്കണം. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസും എസ്പിജിയും മറ്റ് സുരക്ഷാ ഏജന്‍സികളും അനുമതിനല്‍കിയാല്‍ മാത്രമെ രാഹുലിന് തിരുനെല്ലിയിലെത്താനാകൂ.
രാഹുല്‍ തിരുനെല്ലിയിലെത്തുന്നതു വഴി വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചുളള അമിത് ഷായുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തിന് മറുപടി നല്‍കാമെന്നും കോണ്‍ഗ്രസ് ക്യാംപുകള്‍ കരുതുന്നു. 20-ന് വയനാട്ടിലെത്തുന്ന പ്രിയങ്കയും മാനന്തവാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം വോട്ടഭ്യര്‍ത്ഥിച്ച് വയനാട്ടിലെത്തുന്ന രാഹുലിനെതിരെ ഇടതു മുന്നണി പ്രചാരണം ശക്തമാക്കുകയാണ്. വോട്ട് ചോദിക്കും മുന്‍പ് മാപ്പ് ചോദിക്കൂ എന്ന മുദ്രാവാക്യവുമായി നാളെ രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെ ഒരു ലക്ഷം പ്രവര്‍ത്തകര്‍ വയനാട് മണ്ഡലത്തിലെ വീടുകളിലെത്തുമന്ന് ഇടതു നേതാക്കള്‍ അറിയിച്ചു.
