ദില്ലി: രാഹുൽ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയത്. രാഹുലിന് അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ അമേഠിയിൽ ബിജെപിക്കെതിരെ മത്സരിക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി വിശദമാക്കിയിരുന്നു.  

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വയനാട്ടിൽ രാഹുൽ സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനമെത്തുന്നത്. ദക്ഷിണേന്ത്യയിൽ മല്‍സരിക്കണമെന്ന് തീരുമാനിച്ചതായി നേരത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അമേഠിയിൽ ബി ജെ പി ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയും ഇത്തരമൊരു തീരുമാനത്തിന കാരണമായി വിലയിരുത്തുന്നുണ്ട്.

ഇടതു പക്ഷത്തിനെതിരായ മല്‍സരത്തിനോട് വിയോജിച്ച് സഖ്യകക്ഷികള്‍ രംഗത്തെത്തിയതാണ് തീരുമാനം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായത്. ബി ജെ പിയുടെ ധ്രുവീകരണത്തിനെതിരെയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് വിശദീകരണം നല്‍കിയ രാഹുൽ വയനാട്ടിലേയ്ക്ക് വരാനുള്ള സൂചന ശക്തമാക്കിയിരുന്നു. കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട് ദക്ഷിണേന്ത്യയിൽ മല്‍സരിക്കാൻ ഉചിതമായി മണ്ഡലമാണ് വയനാടെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.