രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും ആവേശമേകിയിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ വയനാട്ടില്‍ നിന്നും മറ്റ് ജില്ലകളിലേക്കും കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും.

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടി കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം സമ്മാനിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കേരളത്തില്‍ ഇത്തവണ കോണ്‍ഗ്രസ് 20 സീറ്റും നേടുമെന്ന് ജനമഹായാത്രയില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പടെയുളള നേതാക്കള്‍ അറിയിച്ചതാണ്. അത് യാഥാര്‍ഥ്യമാകുമെന്നും ഇത്തവണ കോണ്‍ഗ്രസിന്റെ ട്വന്റി ട്വന്റിയാണ് നടക്കാന്‍ പോകുന്നതെന്നും കോണ്‍ഗ്രസിന്റെ കാസര്‍ഗോഡ് സ്ഥാനാര്‍ഥി കൂടിയായ ഉണ്ണിത്താന്‍ വ്യക്തമാക്കി. 

1977 ല്‍ കേരളത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒരുമിച്ച് നടന്നപ്പോള്‍ അസംബ്ലിയിലേക്ക് 111 സീറ്റുകള്‍ നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. പാര്‍ലമെന്‍റിലേക്ക് അതേ വര്‍ഷം തന്നെ 20 സീറ്റുകളും യുഡിഎഫ് നേടിയിരുന്നു. അതിന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലും ദേശീയ തലത്തിലും നില നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും ആവേശമേകിയിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ വയനാട്ടില്‍ നിന്നും മറ്റ് ജില്ലകളിലേക്കും കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ദിര ഗാന്ധി വടക്കേ ഇന്ത്യയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മത്സരിച്ചിരുന്നെന്നും അത് പോലെ തന്നെ രാഹുലിന്‍റെ വരവും കണ്ടാല്‍ മതിയെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.