Asianet News MalayalamAsianet News Malayalam

കാശ്‌മീർ പ്രശ്നത്തിന് കാരണക്കാരൻ ജവഹർലാൽ നെഹ്റു: രാജ്‌നാഥ് സിങ്

അഴിമതി പൂർണ്ണമായി ഇല്ലാതാക്കാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. പക്ഷെ ഒന്നും ചെയ്തില്ലെന്ന് പറയാൻ സാധിക്കില്ല. ആ ദിശയിൽ ചില സുപ്രധാന നീക്കങ്ങൾ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ്

Rajnath singh blamed former PM Jawaharlal Nehru for the Kashmir crisis
Author
New Delhi, First Published Apr 13, 2019, 5:20 PM IST

ദില്ലി: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ ശത്രുതയ്ക്ക് ഏറ്റവും വലിയ കാരണമായ കാശ്മീർ പ്രശ്നത്തിന്റെ പേരിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറ്റപ്പെടുത്തി ബിജെപി. ജവഹർലാൽ നെഹ്റുവാണ് കാശ്മീർ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ കാരണക്കാരനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഗുജറാത്തിലെ കച്ച് ജില്ലയിൽ ഗാന്ധിധാം നഗരത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കാശ്മീർ പ്രശ്നം പരിഹരിക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ അനുവദിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയെന്ന ആവശ്യവുമായി മുന്നോട്ട് പോകാനാണ് ഒമർ അബ്ദുള്ളയടക്കമുള്ളവരുടെ തീരുമാനം എങ്കിൽ ആർട്ടിക്കിൾ 370 ന്റെയും സെക്ഷൻ 35എയുടെയും കാര്യത്തിൽ കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹക്കുറ്റത്തിന് കൂടുതൽ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം അഴിമതി പൂർണ്ണമായി ഇല്ലാതാക്കാൻ മോദി സർക്കാരിന് കഴിഞ്ഞെന്ന് അവകാശപ്പെടാൻ തനിക്കാവില്ലെന്നും പറഞ്ഞു. അതേസമയം ഒന്നും ചെയ്തില്ലെന്ന് പറയാൻ സാധിക്കില്ലെന്നും ആ ദിശയിൽ ചില സുപ്രധാന നീക്കങ്ങൾ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios