രോഹ്‌താസ്‌: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നതിനിടെ മോദിയെ  പരോക്ഷമായി തള്ളിപ്പറഞ്ഞ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌. ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്നാണ്‌ രാജ്‌നാഥ്‌ സിംഗ്‌ അഭിപ്രായപ്പെട്ടത്‌.

"രാഷ്ട്രീയപാര്‍ട്ടി ഏതായിരുന്നാലും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും മോശം പരാമര്‍ശം ഞാന്‍ നടത്തില്ല. പ്രധാനമന്ത്രി, പ്രസിഡന്റ്‌ എന്നിവരൊന്നും വ്യക്തികളല്ല സ്ഥാപനങ്ങളാണ്‌. രാജ്യത്തിന്റെ വികസനത്തിന്‌ ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലുമൊക്കെ ചെയ്‌തിട്ടുണ്ട്‌, അവരുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്‌തമായിരിക്കും എന്നു മാത്രം". ബീഹാറില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയില്‍ രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു.

രാജീവ്‌ ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ്‌ രാജ്‌നാഥ്‌ സിംഗിന്റെ പ്രസ്‌താവന ശ്രദ്ധേയമാകുന്നത്‌.