കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാൻ പതിനെട്ടടവും പയറ്റുകയാണ് കോണ്‍ഗ്രസ്. അതിനായി കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല.

രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താൻ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നാല് മണ്ഡലങ്ങളില്‍നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്. 

മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവടങ്ങളില്‍നിന്ന് ഒന്നരലക്ഷത്തിന് മുകളിലും. ലീഗിന്‍റെ പി കെ ബഷീര്‍ എംഎല്‍എയായ ഏറനാട് എത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഒരു പവന്‍റെ വാഗ്ദ്ധാനം നടത്തിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസിന് കൂടുതല്‍ ഭൂരിപക്ഷം നല്‍കിയത് ഏറനാടായിരുന്നു. 18838. അതിന് മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഒന്നാമതെത്തിയതാകട്ടെ വണ്ടൂരും. ഇത്തവണയും ഈ രണ്ട് മണ്ഡലങ്ങള്‍ തമ്മിലാണ് പോരാട്ടം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് നിയോജക മണ്ഡലങ്ങളും എടുത്താല്‍ കൂടുതല്‍ ഭൂരിപക്ഷം തങ്ങള്‍ക്കായിരുന്നു എന്നതാണ് വണ്ടൂരിന്‍റെ പ്രതീക്ഷ. എന്നാല്‍ കോൺഗ്രസിന്റെ സമ്മാന പദ്ധതിയെ പരിഹസിക്കുകയാണ് സിപിഎം.