ആലത്തൂര്‍: 30 വർഷത്തിലധികമായി മഹിള കോണ്‍ഗ്രസിന്‍റെ സജീവ പ്രവർത്തകയാണ് ആലത്തൂരിലെ നിയുക്ത എം പി രമ്യ ഹരിദാസിന്‍റെ അമ്മ രാധ. പൊതു രംഗത്തേക്ക് മകളെ കൈപിടിച്ചെത്തിച്ചതും മറ്റാരുമല്ല. അമ്മ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രാർത്ഥന ചൊല്ലിയും ഗാനമാലപിച്ചുമാണ് രമ്യ സ്റ്റേജുകളിൽ എത്തിത്തുടങ്ങിയത്. വലിയ കഷ്ടപ്പാടിലും മക്കളെ പൊരുതി ജീവിക്കാൻ പഠിപ്പിച്ച രാധ മകളുടെ വിജയത്തിന്‍റെ ആഹ്ളാദം ഏഷ്യാനെറ്റ് ന്യൂസിലൂടെ പങ്കുവച്ചു.

കുന്ദമംഗലത്തെ വീട്ടിൽ രമ്യയുടെ മുറി നിറയെ ബാഗും നോട്ടുപുസ്കങ്ങളും പെൻസിൽ ബോക്സുമൊക്കെയാണുള്ളത്. പഠന സാമഗ്രികൾ വാങ്ങാൻ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കാനായി വാങ്ങി വച്ചതാണ് എല്ലാം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് കിട്ടുന്ന വരുമാനം രമ്യ ഇത്തരം ചെറിയ സന്തോഷങ്ങൾക്കാണ് ചെലവഴിക്കുന്നത്. എന്നിട്ടും സ്വന്തം ആവശ്യത്തിന് കയ്യിൽ പണമില്ലാത്തതിനാൽ പ്രചാരണ സമയത്തേക്കുള്ള വസ്ത്രങ്ങളെല്ലാം വാങ്ങി നൽകിയത് നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. നിശ്ചയദാർഡ്യമാണ് രമ്യയുടെ വിജയത്തിന് പിന്നിലെന്ന് അമ്മ വ്യക്തമാക്കി.

പൊതുപ്രവർത്തകയായ രാധഎൽഐസി ഏജന്‍റ് കൂടിയാണ്.  അങ്ങനെ കിട്ടുന്ന വരുമാനവും ബാങ്ക് വായ്പയും എല്ലാം കൂട്ടിവച്ചാണ്  വീട് പണിതത്. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. വീട്ടിൽ കുടിവെള്ളത്തിനടക്കം ബുദ്ധിമുട്ടുമുണ്ട്. എന്നാൽ പ്രയാസം പറഞ്ഞ് മകളെ ബുദ്ധിമുട്ടിക്കാൻ അമ്മയ്ക്ക് താൽപ്പര്യമില്ല.

ചേച്ചിയുടെ സ്ഥാനാർത്ഥിത്വം പോലും വിശ്വസിക്കാൻ ആദ്യം പ്രയാസപ്പെട്ടെന്ന് അനിയൻ രെജിൽ പറയുന്നു. കണ്‍സ്യൂമർ ഫെഡിലെ താൽക്കാലിക ജോലിയുടെ കാലാവധി കഴിഞ്ഞപ്പോൾ പിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് രജിൽ. ഫലമറിഞ്ഞതിന് ശേഷം അമ്മയ്ക്കും അനിയനും രമ്യയെ നേരിൽ കാണാനായിട്ടില്ല , അഭിനന്ദനമറിയിച്ചും സന്തോഷം പങ്കിട്ടും ആളുകൾ വന്നു കൊണ്ടിരിക്കുന്നതിനാൽ വീടു വിട്ട് പോകാനും കഴിയില്ല. തിരക്കെല്ലാമൊഴിഞ്ഞ് രമ്യ വീട്ടിലേക്കെത്താൻ കാത്തിരിക്കുകയാണിവർ.

വീഡിയോ സ്റ്റോറി കാണാം

"