പത്തനംതിട്ട: പത്തനംതിട്ടയില്‍ പോരാട്ടം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്നായിരുന്നു തെരഞ്ഞെടുപ്പ് ദിവസം വീണ ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് അന്ന് മുഖ്യമന്ത്രി വീണാ ജോര്‍ജ്ജിനെ തിരുത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോലെ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാമതെത്തി. എന്നാല്‍ 380089 വോട്ടുകള്‍ നേടി ആന്‍റോ ആന്‍റണി പത്തനംതിട്ടയില്‍ വിജയിച്ചു. 

ഏറെ പ്രാധാന്യത്തോടെ ആളുകള്‍ ഉറ്റുനോക്കിയിരുന്ന മണ്ഡലമായിരുന്നു പത്തനംതിട്ട.  ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സമരങ്ങളുടെ മുന്നിലുണ്ടായിരുന്ന കെ സുരേന്ദ്രന്‍ പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ പത്തനംതിട്ട ശ്രദ്ധാകേന്ദ്രമായി.  എന്നാല്‍ പത്തനംതിട്ടയിൽ വീണയെ മത്സരിപ്പിക്കുന്നതിലൂടെ ആറൻമുളയിലെ വിജയം ആവർത്തിക്കുമെന്നായിരുന്നു എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍. ശബരിമല വിഷയം അധികം ചര്‍ച്ച ചെയ്യാതെ പത്തനംതിട്ടയിലെ വികസനത്തില്‍ ഊന്നിയായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചാരണം. 

ക്രിസ്ത്യന്‍ സമുദായത്തിന് വളരെ സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. യുഡിഎഫിന് പരമ്പരാഗതമായി ലഭിച്ചുവരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഇടതുപക്ഷം കണ്ണുവെച്ചിരുന്നു. നവോത്ഥാന മുദ്രാവാക്യമുയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണയെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചതിലൂടെ മതരാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകളുടെ പിന്തുണ ഉറപ്പിക്കാനായിരുന്നു ശ്രമിച്ചത്. പത്തനംതിട്ടയില്‍ വര്‍ഗീയതയ്ക്കെതിരെ ചരിത്ര വിജയം നേടുമെന്ന് ഉറപ്പിച്ച വീണക്ക് എന്നാല്‍ കോണ്‍ഗ്രസിന് മുമ്പില്‍ അടിതെറ്റി.