തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരം ഇടത് കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചു. ശക്തി കേന്ദ്രങ്ങളിൽ പോലും കനത്ത തിരിച്ചടി നേരിട്ടതോടെ തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി വിലയിരുത്താനുള്ള ഒരുക്കത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വം. പാലക്കാട്ടും ആറ്റിങ്ങലും ആലത്തൂരും അടക്കം സിറ്റിംഗ് സീറ്റുകളിൽ വരെ അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. ഫലം ആഴത്തിൽ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥികൾ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. 

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി മുൻനിര്‍ത്തിയുള്ള വിവാദം തന്നെയായിരുന്നു പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഒന്ന്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം എടുത്ത നിലപാടും മുഖ്യമന്ത്രിയുടെ പ്രസ്താവനകളും വലിയ തോതിൽ ചര്‍ച്ച ചെയ്തതുമാണ്. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കുമെന്നും ഓരോ മണ്ഡലത്തിലേയും ഫലം വിശദമായി വിലയിരുത്തി തെറ്റു പറ്റിയ ഇടത്തെല്ലാം തിരുത്തലിന് തയ്യാറാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. 

ശബരിമല പ്രശ്മത്തിൽ സര്‍ക്കാര്‍ നയവും മുഖ്യമന്ത്രിയുടെ നിലപാടുകളും പ്രശനമായില്ലേ എന്ന ചോദ്യത്തിന് അത് വെറും വ്യാഖ്യാനം മാത്രമാണെന്ന് വിശദകരിച്ച കോടിയേരി പിന്നീട് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നാളെ ചേരുന്ന സിപിഎം നേതൃയോഗത്തിലും ഇക്കാര്യം വിശദമായ ചര്‍ച്ചക്ക് വന്നേക്കുമെന്നാണ് സൂചന. 

ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാകുമ്പോള്‍ ധാര്‍മ്മിക ഉത്തരവാദത്തിൽ നിന്ന്  പിണറായി വിജയനും ഒഴിഞ്ഞുമാറാനാകില്ല.  പിണറായി എടുത്ത രാഷട്രീയ നിലപാടുകളുടെ പ്രതിഫലനമായി കൂടിയാണ് ഫലം  വിലയിരുത്തപ്പെടുന്നതും.  കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നതോടെ  സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യമാണ് ഉനിലവിലുള്ളത്.

അതേസമയം ഉറച്ച സീറ്റായിരുന്ന പാലക്കാട്ടെ അപ്രതീക്ഷിത തിരിച്ചടിയും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പാലക്കാട്ടെ വിഭാഗീയതും പികെ ശശി വിവാദമടക്കമുള്ള കാര്യങ്ങളും പാലക്കാട്ട് ഫലത്തിൽ പ്രതിഫലിച്ചെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. അതേ പോലെ ആലത്തൂരിലെ സിറ്റിംഗ് എംപി പികെ ബിജുവിനെ അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വിജയിക്കാനിടയായ സഹാചര്യവും വിശദമായി വിലയിരുത്തണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു.