പാട്ടുപാടി വോട്ടുപിടിക്കാൻ ഇതെന്താ റിയാലിറ്റി ഷോയാണോ എന്ന് ദീപാ നിശാന്ത്, ആലത്തൂരിൽ പാട്ടും പാടി തന്നെ വോട്ട് പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മറുപടി 

ആലത്തൂര്‍ : പാട്ടും പാടി വോട്ട് പിടിക്കാൻ ഇതെന്താ റിയാലിറ്റി ഷോ ആണോ എന്ന ദീപാ നിശാന്തിന്‍റെ വിമര്‍ശനം കണക്കിലെടുക്കുന്നില്ലെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ദീപാ നിശാന്തിന്‍റെ വിമര്‍ശനം സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ പ്രവര്‍ത്തന രീതിയിൽ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു രമ്യയുടെ മറുപടി. മാത്രമല്ല ദീപടീച്ചറും കുടുംബവും ആലത്തൂരിലെ വോട്ടര്‍മാരാണെന്നും രമ്യ പ്രതികരിച്ചു. 

"ടീച്ചറുടെ കുടുംബത്തിന്‍റെ വോട്ട് എനിക്കാണ്, ടീച്ചറുടെ വോട്ടും എനിക്ക് വേണം" ഇതായിരുന്നു രമ്യ ഹരിദാസിന്‍റെ പ്രതികരണം. പാട്ട് പാടി വോട്ട് പിടിക്കുന്നതൊക്കെ ഓരോരുത്തരുടെ രീതിയാണ്. പാട്ടിനെ ഒരു ആയുധമായി കൂടിയാണ് കാണുന്നതെന്നും പ്രചാരണ രീതിയിൽ ഒരു വ്യത്യാസവും വരുത്തില്ല. ദീപാ നിശാന്തിന്‍റെ വിമര്‍ശനം കണക്കിലെടുക്കാതെ തള്ളിക്കളയുകയാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

കോൺഗ്രസ് നേതാക്കളുൾപ്പെടെയുളളവർ രൂക്ഷമായ ഭാഷയിലാണ് ദീപ നിശാന്തിനെ വിമർശിച്ചത്. തുടർന്നാണ് അനിൽഅക്കര എംഎൽഎ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുന്നത്. സ്ഥാനാർത്ഥിയെ ജാതീയമായ രീതിൽ അവഹേളിച്ചെന്നും പരാതിയിലുണ്ട്.

ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിമർശനങ്ങളും പ്രചരണായുധമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വിമർശനങ്ങളൊന്നും തിരിച്ചടിയാകില്ലെന്നാണ് കോൺഗ്രസിന്‍റെ നിഗമനം